കേരളത്തിന്റെ സ്വന്തം ബാങ്ക് മൂന്നാം ചിങ്ങപ്പിറവിയിലും നടപ്പായില്ല
തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കുമെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനം മൂന്നാം ചിങ്ങപ്പിറവിയിലും നടപ്പായില്ല. സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ആദ്യ ചിങ്ങപ്പിറവിയില്‍ ബാങ്ക് രൂപീകരിക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ 13 നിബന്ധനകള്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയിരുന്നു.
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ലയനവുമായി ബന്ധപ്പെട്ട കേസുകള്‍ പാടില്ലെന്ന്. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൂടാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയവും പാസാക്കിയില്ല. ത്രിതല സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കുകളില്‍ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്കിന്റെ രൂപീകരണം. 804 ശാഖകളുടെ ലയനമാണ് നടപ്പിലാക്കേണ്ടത്.
സംസ്ഥാന സഹകരണ ബാങ്കില്‍ 6,336 കോടിയുടെ നിക്ഷേപവും ജില്ലാ സഹകരണ ബാങ്കില്‍ 47,047 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. അതിനാല്‍ സര്‍ക്കാരിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കേരള ബാങ്ക് നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്കിന്റെ നിബന്ധനയില്‍ പറയുന്നു. സര്‍ക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിന് നല്‍കാനുള്ളത് 306 കോടിയോളം രൂപയാണ്. ഈ തുക കിട്ടാക്കടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതോടെ ബാങ്ക് നഷ്ടത്തിലാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ, നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയ സമയത്ത് എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ഇതോടെ ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം കോടതി കയറി. ഭരണസമിതി പിരിച്ചുവിട്ടായിരുന്നു ലയനം നടപ്പിലാക്കന്‍ തീരുമാനിച്ചത്. പൊതുയോഗത്തില്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി പ്രാഥമിക സഹകരണ സംഘങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബാക്കിയുള്ള അപ്പെക്‌സ് സംഘങ്ങളെ ഒഴിവാക്കിയായിരുന്നു ലയനം. കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍ ആയതോടെ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനവും താളം തെറ്റി. രജിസ്ട്രാര്‍ ഭരണത്തിലായതോടെ നിയമപരമായ ഒരു തീരുമാനവും നടപ്പിലാക്കാനും സാധിക്കുന്നില്ല. നിക്ഷേപം വരുന്നതിനനുസരിച്ച് വായ്പ നല്‍കാനും സാധിക്കുന്നില്ല.
വായ്പാ കുടിശിക അടച്ചത് ഖജനാവില്‍ നിന്ന്
തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന്റെ മറവില്‍ സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ച് തീര്‍ത്ത് സര്‍ക്കാര്‍. സംസ്ഥാന സഹകരണ ബാങ്കിന് നല്‍കാനുള്ള തുകയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് അടച്ചത്.
തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് സര്‍ക്കാര്‍ സഹായം. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തില്‍ ആര്‍.ബി.ഐ ഉന്നയിച്ച പ്രധാന തടസം സംസ്ഥാന സഹകരണ ബാങ്കിന്റെ വന്‍ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്‌കോയ്ക്കായിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി റബ്‌കോയുടെ 238 കോടിയും റബര്‍മാര്‍ക്കിന്റെ 41 കോടിയും മാര്‍ക്കറ്റ് ഫെഡിന്റെ 27 കോടിയും സര്‍ക്കാര്‍ അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ചില്‍ പണം നല്‍കിയ നടപടിക്ക് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സാധൂകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."