ഇത്തിത്താനത്തെ സോളാര്‍ ലൈറ്റുകള്‍ക്ക് ശാപമോക്ഷം കിട്ടുമോ?
ചങ്ങനാശേരി: ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പട്ടികജാതി കോളനികളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ വിളക്കുകളാണ് പ്രവര്‍ത്തനരഹിതമായത്.
2010-15 കാലയളവില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികളിലായി ഇരുപതിലധികം സോളാര്‍ വഴിവിളക്കുകളാണ് സ്ഥാപിച്ചത്.ഒരു ലൈറ്റ് സ്ഥാപിക്കുന്നതിന് അരലക്ഷം രൂപയിലധികം ചെലവായിരുന്നു. ഈ ലൈറ്റുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് അന്നേ ആക്ഷേപമുണ്ട്. മൂന്നു വര്‍ഷത്തിലേറെയായി സ്ഥാപിച്ചിരിക്കുന്ന വിളക്കുകള്‍ ഇപ്പോള്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഇവയില്‍ പലതും കാടുകയറി നശിച്ച നിലയിലാണ്.
ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കുറിച്ചി ഗ്രാമപഞ്ചായത്താണ്. ചെറിയ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കാവുന്ന വിളക്കുകളാണ് ഇവയെല്ലാം. വൈദ്യുതിചെലവ് കുറച്ച് സൗരോര്‍ജ്ജവിപ്ലവം സൃഷ്ടിക്കുന്നതിനായാണ് വിവിധ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചത്. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ താനെ അണയുന്ന സംവിധാനമുള്ളത്.
ബ്ലോക്ക് പഞ്ചായത്തിനെ കൂടാതെ കോട്ടയം ജില്ലാ പഞ്ചായത്തും 2010-15 കാലയളവില്‍ ഇത്തരത്തില്‍ നിരവധി സോളാര്‍ ലൈറ്റുകള്‍ പഞ്ചായത്തിന്റെ പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ചിരുന്നു. അവയും സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതിനെതുടര്‍ന്ന് കേടായിരുന്നു.
എന്നാല്‍ അടുത്ത നാളില്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് അവ അറ്റകുറ്റപ്പണികള്‍ ചെയ്‌തെങ്കിലും തിരക്കേറിയ പ്രധാന ജങ്ഷനായ പുളിമൂട് കവയിലെ സോളാര്‍ ലൈറ്റ് ഇപ്പോഴും മിഴിതുറക്കുന്നില്ല. ഇതുമൂലം ഇവിടെ കുറ്റാക്കൂരിട്ടാണ് അനുഭവപ്പെടുന്നതെന്ന് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ പറയുന്നു.
പുളിമൂട് അംബേദ്ക്കര്‍ സെറ്റില്‍മെന്റ് കോളനി, ഭാസ്‌ക്കരന്‍ കോളനി, കല്ലപ്പള്ളി ഭാഗം, പുളിമൂട് ജങ്ഷന്‍ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലെ സോളാര്‍ വഴിവിളക്കുകളുടെ തകരാര്‍ പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാതെ പാഴാക്കിക്കളയുന്ന ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."