ഈ മരക്കൊമ്പുകള്‍ അപകടം ക്ഷണിച്ചു വരുത്തും
ബോവിക്കാനം: യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പാതയോരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും അത്തരം മരങ്ങള്‍ വെട്ടിമാറ്റാത്തത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണര്‍ത്തുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയുടെയും ബോവിക്കാനം-കാനത്തൂര്‍ റോഡിന്റെയും ഇരുവശങ്ങളിലാണ് ഏതു സമയവും കടപുഴകാവുന്ന നിലയില്‍ കൂറ്റന്‍ മരങ്ങള്‍ നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ചെര്‍ക്കള പെട്രോള്‍ പമ്പിനു സമീപം ഓടികൊണ്ടിരുന്ന ബൈക്കിനു മുകളില്‍ മരം ഒടിഞ്ഞു വീണ് ഒരാള്‍ക്കു പരുക്കേറ്റിരുന്നു. കാനത്തൂരില്‍ വൈദ്യുതി തൂണ്‍ മരം വീണു തകരുകയും മണിക്കൂറുകളോളം വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെടുകയും ചെയ്തിരുന്നു.
ചെര്‍ക്കള മുതല്‍ ആദൂര്‍ വരെയാണ് അധികവും മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്. മഴ തുടങ്ങിയാല്‍ മരം വീണ് അപകടങ്ങളും വൈദ്യുതി മുടക്കവും കുറച്ചു വര്‍ഷമായി ഇവിടെ പതിവാണ്. കൂടുതലായും അക്കേഷ്യാ മരങ്ങളാണു യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു നട്ടുപിടിപ്പിച്ചതും മുളച്ചു പൊന്തിയതുമായ മരങ്ങളുടെ ചുവടു ദ്രവിച്ചും കാറ്റില്‍ ഒടിഞ്ഞുമാണ് റോഡിലേക്ക് വീഴുന്നത്. പലപോഴും തലനാരിഴയ്ക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.
ബദിയടുക്ക: പെര്‍ള വാണി നഗര്‍ സ്വര്‍ഗ പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും ഏതുസമയവും നിലം പൊത്താവുന്ന രീതിയിലുള്ള കൂറ്റന്‍ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുണ്ട്. കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നതു കൊണ്ടു തന്നെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡരികില്‍ കടപുഴകി വീഴാറായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
റോഡിന്റെ ഒരു വശത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റൊരു വശത്ത് കര്‍ണാടക വനം വകുപ്പിന്റെയും സ്ഥലമായതു കൊണ്ട് മരങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം വേണമെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയൊഴികയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പെര്‍ള കാട്ടുകുക്കെ റോഡിലെ സൂര്‍ടെലുവില്‍ മരം കടപുഴകി വീണിരുന്നു. അതു വഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
അപകടം വരുത്തി വെക്കുന്ന രീതിയില്‍ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."