ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രം ഊരിപ്പോയി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മട്ടാഞ്ചേരി: മുപ്പതോളം കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രം ഊരിപ്പോയി. മുണ്ടംവേലി സാന്താ മരിയ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.43 എ 9460 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ട് മണിയോടെ കണ്ണമാലി ചെറിയകടവിന് സമീപത്ത് വച്ചാണ് സംഭവം. തെക്കേ ചെല്ലാനത്ത് നിന്ന് കുട്ടികളെ കയറ്റി വരികയായിരുന്ന ബസാണ് കിലോമീറ്ററുകള്‍ കഴിഞ്ഞ് ചെറിയ കടവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്നിലെ ഇടത് ഭാഗത്തെ ചക്രമാണ് ഊരി പോയത്. ഊരിപ്പോയ ചക്രം റോഡിന്റെ വലത് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ചെറിയ കടവില്‍ നിന്നുള്ള ഒരു കുട്ടിയേയും കയറ്റി മുന്നോട്ട് പോകുമ്പോഴാണ് ചക്രം ഊരി തെറിച്ച് പോയത്. സംഭവം കണ്ട് നിന്ന നാട്ടുകാരും ബസിലെ കുട്ടികളും കരഞ്ഞ് ബഹളം വച്ചതോടെയാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. വാഹനം നിര്‍ത്താന്‍ രണ്ട് മിനിറ്റ് കൂടി വൈകിയിരുന്നുവെങ്കില്‍ സമീപത്തെ ചെറിയ കടവ് പാലത്തില്‍ കയറുകയും വാഹനം കായലിലേക്ക് മറിയുകയും ചെയ്യുമായിരുന്നു. തല നാരിഴ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.
ബസിന്റെ പിന്‍വശത്തെ വലത് ഭാഗത്തെ ചക്രവും ഏത് നിമിഷവും ഊരി പോകാവുന്ന നിലയിലായിരുന്നു. എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.4 1 പേര്‍ക്ക് ഇരിക്കുവാന്‍ കഴിയുന്ന ബസാണിത്. മാനാശ്ശേരി സ്വദേശി മൈക്കിള്‍ അമീഷാണ് ബസ് ഓടിച്ചിരുന്നത്.സംഭവമറിഞ്ഞ് എത്തിയ കണ്ണമാലി പൊലിസ് കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളിലേക്ക് അയക്കുകയായിരുന്നു.
പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴുണ്ടായ അപകടം രക്ഷകര്‍ത്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.സ്‌കൂള്‍ ബസുകള്‍ എല്ലാവിധ പരിശോധനയും പൂര്‍ത്തിയാക്കി സുരക്ഷിതമാണെങ്കില്‍ മാത്രമേ കുട്ടികളുമായി പോകാവൂവെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലിസും സ്‌ക്കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം വാഹനത്തിന്റെ എല്ലാവിധ അറ്റകുറ്റ പണികളും പൂര്‍ത്തിയാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അപകടം നടന്ന സമയത്ത് ആക്‌സിലില്‍ പ്രശ്‌നമുള്ളതായാണ് ഡ്രൈവര്‍ പൊലിസിനോടും നാട്ടുകാരോടും പറഞ്ഞത്.
എന്നാല്‍ പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോട് പറഞ്ഞത് വീല്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ചക്രത്തിന്റെ നെട്ടുകള്‍ മോഷ്ടാക്കള്‍ ഇളക്കി വെക്കുകയായിരുന്നുവെന്നാണ്. പക്ഷെ ഈ വാദം ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് പരിശോധന കഴിഞ്ഞ് പോയ വാഹനമാണിതെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ അനന്തകൃഷ്ണന്‍ വ്യക്തമാക്കി. വാഹനം പരിശോധനക്കായി എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.വി.ഐ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.സംഭവം ട്രാഫിക് പൊലിസിനെ അറിയിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജരോടും ബസ് ഓടിച്ച ഡ്രൈവറോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കണ്ണമാലി എസ്.ഐ.ഷൈജു ഇബ്രാഹിം പറഞ്ഞു.
അതേ സമയം അപകടത്തില്‍പ്പെട്ട ബസില്‍ തന്നെയാണ് കുട്ടികളെ ഉച്ചയ്ക്ക് ശേഷം തിരികെ കൊണ്ട് പോയതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."