ചലനപരിമിതി ഉള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കും: മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ചലനപരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നു മന്ത്രി കെ.കെ ശൈലജ.
ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ഇവരുടെ യാത്ര സുഗമമാക്കുന്നതിനാണ് 'ശുഭയാത്ര' പദ്ധതി നടപ്പിലാക്കിവരുന്നത്. ഇതോടൊപ്പം എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും മതിയായ സഹായം ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.
മുച്ചക്ര വാഹന വിതരണത്തിനു ബിവറേജസ് കോര്‍പറേഷന്റെ സി.എസ്.ആര്‍ ഫണ്ട് വഴി നല്‍കിയ ഒരു കോടി രൂപയ്ക്കു പുറമേ 50 ലക്ഷം രൂപകൂടി അധികമായി നല്‍കുമെന്നു ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
'ഹസ്തദാനം' പദ്ധതിയിലൂടെ 29 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 12 വയസുവരെ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 20,000 രൂപയാണ് പദ്ധതിയിലൂടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നത്. വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, മാനേജിങ് ഡയരക്ടര്‍ കെ. മൊയ്തീന്‍ കുട്ടി, കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്, നിഷ് ഡയരക്ടര്‍ ഡോ. കെ.ജി സതീഷ് കുമാര്‍, കോര്‍പറേഷന്‍ മുന്‍ ഡയരക്ടര്‍ കൊറ്റാമം വിമല്‍ കുമാര്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.ജി സജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."