മരട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി; ആക്ടിങ് ചെയര്‍മാനും മുന്‍ വൈസ് ചെയര്‍മാനും ആശുപത്രിയില്‍
മരട്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലെത്തി. പരസ്പരം മര്‍ദിച്ചെന്നാരോപിച്ച് നഗരസഭ ആക്ടിങ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പനയും എല്‍.ഡി.എഫ് കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.എ ദേവസിയും മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ യോഗത്തില്‍ ഹാജരാവാതെ വൈകിയെത്തിയ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അനാവശ്യമായി ബഹളമുണ്ടാക്കുകയും യോഗം അലങ്കോലപ്പെടുകത്തുകയും ആയിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.
അജണ്ട വായിച്ച് പാസാക്കി യോഗം അവസാനിപ്പിച്ചതായി അറിയിച്ച് ചേമ്പറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്ന സമയത്ത് കെ.എ ദേവസിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വൈസ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പനയേയും യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും പുറത്തിറക്കാതെ കൗണ്‍സില്‍ ഹാളിന്റ ഡോര്‍ അടയക്കുവാന്‍ ശ്രമിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമാണ് ഉണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ രണ്ട് മണിക്ക് തീരുമാനിച്ച കൗണ്‍സില്‍ യോഗം 2.30 ആയിട്ടും ചേരാത്തതിനെ തുടര്‍ന്ന പ്രതിഷേധിച്ച് പുറത്തേക്ക് പോയ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അഭാവത്തില്‍ അജണ്ട വായിച്ച് പാസാക്കുകയും തിരികെ വിളിച്ച എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എത്തിയപ്പോള്‍ അജണ്ട വീണ്ടും വായിക്കണമെന്ന് ആവശ്യപ്പെട്ട് ഡയസിന് മുന്നില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍ ദേവസിയെ വൈസ് ചെയര്‍മാന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മരടില്‍ ഇരു മുന്നണികളും കരിദിനം ആചരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."