കള്ളപ്പണം തടയാന്‍ പുതിയ നീക്കവുമായി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സമ്പാദ്യങ്ങളും കള്ളപ്പണവും പിടിച്ചെടുക്കാന്‍ പ്രത്യേക പദ്ധതിയുമായി ആദായ നികുതി വകുപ്പ്.
അനധികൃത നിക്ഷേപങ്ങള്‍, കള്ളപ്പണം എന്നിവ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആദായ നികുതി വകുപ്പ് പദ്ധതി തയാറാക്കുന്നത്. വിദേശ രാജ്യങ്ങളിലെ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് അനധികൃത നിക്ഷേപകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇന്ത്യക്ക് പുറത്ത് നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. നികുതിദായകര്‍, വിദേശ രാജ്യങ്ങളുമായി വന്‍തോതില്‍ പണമിടപാട് നടത്തുന്നവര്‍ എന്നിവരെ ധനകാര്യ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. കള്ളപ്പണം തടയുന്നതിനായി ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇതിനായി രാജ്യത്താകമാനം പരിശോധനകള്‍ നടത്തും.
ഇതു സംബന്ധിച്ച് ഒട്ടേറെ വ്യക്തികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. അവരുടെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയാണ് ഇത്. വിദേശ രാജ്യങ്ങളുമായി വന്‍തോതില്‍ ഇടപാടുകള്‍ നടത്തുന്നവരില്‍ പ്രമുഖരുമുണ്ട്. കള്ളപ്പണംതടയല്‍ നിരോധന നിയമപ്രകാരം ക്രമക്കേട് കണ്ടെത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുമെന്നും ആദായനികുതി വകുപ്പ് പറയുന്നു.
കള്ളപ്പണം തടയുന്നതിനായി 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'കള്ളപ്പണവും (വെളിപ്പെടുത്താത്ത വിദേശ വരുമാനവും സമ്പാദ്യങ്ങളും) നികുതി ചുമത്തലും' നിയമപ്രകാരം ആയിരിക്കും കേസെടുക്കുക.
വിദേശ രാജ്യങ്ങളിലെ അനധികൃത സമ്പാദ്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1961ലെ ആദായ നികുതി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിന് അധികാരം നല്‍കിയിട്ടുണ്ട്.
ഈ നിയമപ്രകാരം ശിക്ഷാ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് 120 ശതമാനം നികുതി പിഴയായി ഒടുക്കേണ്ടതായും വരും. കൂടാതെ 10 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."