പുനഃപരിശോധനാ ഹരജിയില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം. പുനഃപരിശോധനാ ഹരജിയുടെ കാര്യത്തിലോ കോടതിയെ സമീപിക്കുന്ന കാര്യത്തിലോ അന്തിമ തീരുമാനമെടുക്കാനാകാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കുഴങ്ങുകയാണ്.
ഹരജി നല്‍കില്ലെന്ന് ആവര്‍ത്തിച്ചു മുഖ്യമന്ത്രി പറയുന്ന സാഹചര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് സമ്മര്‍ദത്തിലുമാണ്.
ബോര്‍ഡ് യോഗം ഇന്നലെ ചേര്‍ന്നെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് പറയുന്നത്. ബോര്‍ഡ് യോഗം ചേര്‍ന്ന് ഒരു മണിക്കൂറിനകം യുവതീപ്രവേശന കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന ഔദ്യോഗിക അറിയിപ്പ് വന്നു. ഇന്നും ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അപ്പോള്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യും. ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് സുപ്രിം കോടതിയിലും റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ അത് സര്‍ക്കാരിനു തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ശബരിമലയിലെ സാഹചര്യം സുപ്രിംകോടതിയെ അറിയിക്കുമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതു തിരിച്ചടിയാകുമെന്ന നിയമവിദഗ്ധകരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ നീക്കം ഉപേക്ഷിച്ചു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരിച്ചടിയാകുമെന്നു മുന്നില്‍കണ്ട് അഭിഷേക് സിങ്‌വി ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നതില്‍നിന്നു പിന്മാറിയെന്നാണ് വിവരം. മാത്രമല്ല ദേവസ്വം ബോര്‍ഡ് സമീപിച്ചിട്ടില്ലെന്ന് സിങ്‌വി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും ദേവസ്വം ബോര്‍ഡിന് സിങ് വിയിലുള്ള താല്‍പര്യം കുറച്ചു.
പുതിയ സാഹചര്യത്തില്‍ സുപ്രിം കോടതിയിലെ മറ്റേതെങ്കിലും മുതിര്‍ന്ന അഭിഭാഷകരെ സമീപിക്കാനും അവരില്‍നിന്നു നിയമോപദേശം തേടിയശേഷം മുന്നോട്ടുപോകാനുമാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. പക്ഷേ, മുഖ്യമന്ത്രി ഹരജിയില്ലെന്ന നിലപാട് കൂടുതല്‍ ശക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെന്തെന്ന ചോദ്യം ദേവസ്വം ബോര്‍ഡിനു മുന്നില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."