അഞ്ചുവര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സേനയുണ്ടാക്കാന്‍ യു.എസ്
വാഷിങ്ടണ്‍: ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ യു.എസ് സ്‌പേസ് കമാന്‍ഡ് ആരംഭിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. അടുത്ത യുദ്ധസ്ഥലം ബഹിരാകാശമാണെന്ന് പറഞ്ഞ ട്രംപ് യു.എസിന്റെ താല്‍പര്യങ്ങള്‍ നേരിടാന്‍ സ്‌പേസ് കമാന്‍ഡ് ആവശ്യമാണെന്നു വിശദീകരിച്ചു. വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യു.എസ് സ്‌പേസ് കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്.
ശത്രുക്കള്‍ യു.എസിന്റെ ഉപഗ്രഹങ്ങളെ ലക്ഷ്യംവയ്ക്കാനായി ഭൗമ ഓര്‍ബിറ്റിനെ പുതിയ സാങ്കേതികവിദ്യകളുമായി ആയുധമണിയിക്കുകയാണെന്നും ഇത് വന്‍ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയും ചൈനയും ജാമറുകളും ഊര്‍ജ ആയുധങ്ങളും ആന്റി ബാലിസ്റ്റിക് മിസൈലുകളും ബഹിരാകാശ സംവിധാനങ്ങളും വികസിപ്പിച്ചു വരുകയാണെന്ന് ഫെബ്രുവരിയില്‍ യു.എസ് പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു ബഹിരാകാശ സേന ഉണ്ടാക്കുകയാണ് യു.എസ് ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായാണ് സ്‌പേസ് കോം എന്ന പേരില്‍ ബഹിരാകാശ കമാന്‍ഡ് ഉണ്ടാക്കുന്നത്. യു.എസിന്റെ 11ാമത് പോരാട്ട കമാന്‍ഡ് ആണിത്. ഒരു കൂരയ്ക്കു കീഴില്‍ എല്ലാ യു.എസ് സൈനികദളങ്ങളെയും അവയുടെ ബഹിരാകാശ നൈപുണ്യങ്ങളെയും കൊണ്ടുവരുകയാണ് സ്‌പേസ് കോം ലക്ഷ്യമിടുന്നത്. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചാല്‍ പ്രതിരോധ വകുപ്പ് ബഹിരാകാശ സേനയുണ്ടാക്കുന്നതിനുള്ള ജോലികള്‍ തുടങ്ങും.
ശത്രുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ബഹിരാകാശ സംവിധാനങ്ങള്‍ തകരാറിലായാല്‍ രാജ്യത്തിന് 35,000 കോടി ഡോളറിന്റെ വാര്‍ഷിക വരുമാനം നഷ്ടമാവുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉല്‍ക്കയോ മറ്റോ കാരണം ഉപഗ്രഹത്തിന് സ്ഥാനചലനം സംഭവിച്ചാല്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാവുക.
ബഹിരാകാശഭീഷണികളെ ചെറുക്കാന്‍ സ്‌പേസ് കമാന്‍ഡ് രൂപീകരിക്കാനുള്ള ശ്രമത്തെ യു.എസിലെ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍(എ.ഐ.എ) വക്താവ് കൈത്‌ലിന്‍ ഹൈഡന്‍ സ്വാഗതം ചെയ്തു. ഓരോ വര്‍ഷവും ബഹിരാകാശ രംഗത്ത് യു.എസ് 5,000 കോടി ഡോളര്‍ വരുമാനമുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."