മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ കലാപം; അധ്യക്ഷസ്ഥാനം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ജ്യോതിരാദിത്യ സിന്ധ്യ ഉയര്‍ത്തിയ വെല്ലുവിളിക്കിടയില്‍ ഇന്നലെ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നും അല്ലെങ്കില്‍ താന്‍ മറ്റ് വഴികള്‍ ആലോചിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ അന്ത്യശാസനം മുഴക്കിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
അധ്യക്ഷ സ്ഥാനം ലഭിച്ചിട്ടില്ലെങ്കില്‍ സിന്ധ്യ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. ചില ബി.ജെ.പി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിപക്ഷ നേതാവുമായ അജയ് സിങും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിന്ധ്യയെ അനുകൂലിക്കുന്നവരും വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കമല്‍നാഥ് അറിയിച്ചു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നുവെന്ന് കമല്‍നാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."