സമൂഹ സൃഷ്ടിയുടെ അടിസ്ഥാനം ധാര്‍മികതയുടെ വീണ്ടെടുപ്പ്: ഹമീദലി തങ്ങള്‍
ബംഗളൂരു: ഉത്തമ സമൂഹ സൃഷ്ടിപ്പിന്റെ അടിസ്ഥാനം ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണെന്നും റമദാന്‍ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മചൈതന്യം നിലനിര്‍ത്തി മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശ്വാസി സമൂഹം തയാറാവണമെന്നും എസ്.കെ.എസ്.എസ്.എഫ് കേരള ഘടകം പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. ബംഗളൂരു കെ.എം.സി.സി. ബനശങ്കരി ഏരിയാ കമ്മിറ്റിയും ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഇഫ്താറിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ നല്‍കുന്ന മൂല്യങ്ങളുടെ കണികകളാണു പിന്നീടുള്ള വ്യക്തിത്വ-സ്വഭാവ രൂപീകരണത്തില്‍ പ്രതിഫലിപ്പിക്കുന്നത്. ഇതിന് അനുയോജ്യമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാകമ്മിറ്റി പ്രസിഡന്റ് നാസര്‍ ഷോപ്പറേറ്റ് അധ്യക്ഷയായി. കെ.വി ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത പൊതുപരീക്ഷാ റാങ്ക് ജേതാക്കള്‍ക്കു ഹമീദലി തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി.
ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഡിജിറ്റല്‍ ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. ടി. ഉസ്മാന്‍, എം.കെ നൗഷാദ്, കെ. ഹാരിസ്, ആര്‍.ടി.ഒ മൂസ, ഷംസുദീന്‍ അനുഗ്രഹ, നാസര്‍ നീലസന്ദ്ര, റഷീദ് മൗലവി, റഹീം ചാവശ്ശേരി, അബു ശ്രീകണ്ഠപുരം, അയൂബ് ഹസനി, റഈസ് ഫൈസി, വി.പി ബഷീര്‍, എന്‍.പി ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."