വാട്‌സ് ആപ്പില്‍ വ്യാജ ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം; സൈബര്‍വിങ് പരാതിക്കാരുടെ മൊഴിയെടുത്തു
മുക്കം: വാട്‌സ് ആപ്പില്‍ വ്യാജ നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍വിങ് മുക്കത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സൈബര്‍ പൊലിസ് സി.ഐ എന്‍. ബിജു, എസ്.ഐ രതീഷ്, സിവില്‍ പൊലിസ് ഓഫിസര്‍ ബിനു എന്നിവരാണ് മുക്കം പൊലിസ് സ്റ്റേഷനിലെത്തി പരാതിക്കാരായ റഫീഖ് തോട്ടുമുക്കം, ഫായിസ് എന്നിവരുടെ മൊഴിയെടുത്തത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് സംഘം മുക്കത്തെത്തിയത്. പത്തു മാസം മുന്‍പാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ നിരവധി യുവാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യരാക്കുന്ന വിധത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം നടക്കുന്നത്. മരണവാതില്‍, റോക്കിങ് ചങ്ക്‌സ് തുടങ്ങിയ പേരുകളില്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നാട്ടിലെ നിരവധി യുവാക്കളെയാണ് വിദേശ നമ്പറില്‍ നിന്ന് അംഗങ്ങളാക്കിയത്.
ഇവരുടെ ഫോട്ടോകള്‍ വച്ച വിദേശ നമ്പറുകളില്‍ നിന്ന് നാട്ടിലെയും കുടുംബത്തിലേയും പലര്‍ക്കും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്താണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് മനസിലായത്. ഇതോടെ ഇവര്‍ മുക്കം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
സന്ദേശങ്ങള്‍ കണ്ട് ഗ്രൂപ്പില്‍നിന്നു ലെഫ്റ്റ് അടിച്ചു പോയവരെ വീണ്ടും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ഇവരുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഗ്രൂപ്പില്‍ അയക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ ബിജു പറഞ്ഞു. കാനഡയില്‍ നിര്‍മിച്ച ആപ്ലിക്കേഷന്‍ വഴിയാണ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതെന്ന് സൈബര്‍ പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്നു മാസത്തിനകം പ്രതികള്‍ പിടിയിലാകുമെന്നും സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."