'മലയാള തിളക്കം' പദ്ധതി നടപ്പാക്കുന്നു
കല്‍പ്പറ്റ: വിദ്യാര്‍ഥികളെ മാതൃഭാഷയില്‍ പ്രാവീണ്യമുള്ളവരാക്കാന്‍ 'മലയാള തിളക്കം' പദ്ധതി നടപ്പാക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാന് പദ്ധതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ആദ്യമായി മേപ്പാടി പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ 31 വരെ മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും പ്രത്യേക ഭാഷാ പരിപോഷണ പരിശീലന പരിപാടി നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മേപ്പാടി ഗവ. യു.പി സ്കൂളില്‍ നടക്കും. 20 പേരടങ്ങുന്ന ചെറു ബാച്ചുകളിലായിട്ടാണ് പരിശീലനം.
പദ്ധതിയുടെ മുന്നോടിയായി അടിസ്ഥാന ഭാഷാശൈലിയില്‍ പ്രയാസം നേരിടുന്ന കുട്ടികളെ പ്രീ ടെസ്റ്റിലൂടെ കണ്ടെത്തിയിരുന്നു.
912 വിദ്യാര്‍ഥികളെയാണ് ഇങ്ങനെ കണ്ടെത്തിയത്. വായനയും എഴുത്തും മികവിലേക്ക് ഉയര്‍ത്തുന്നതിന് പഠന പ്രയാസം ഇല്ലാതാക്കും.
ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളില്‍ മലയാള തിളക്കം എന്ന പദ്ധതി വിജയം കണ്ടിരുന്നു.
മേപ്പാടിയിലെ പൈലറ്റ് പദ്ധതി വിലയിരുത്തി ജില്ലയിലാകെ വ്യാപിപ്പിക്കുമെന്ന് എസ്.എസ്.കെ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ. പ്രഭാകരന്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. സീനത്ത്, വിദ്യാഭ്യാസ വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്മാന് പി.കെ മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."