കുഞ്ഞിപ്പള്ളിയിലെ മേല്‍പാലം: ഇനിയും കാത്തിരിക്കണം
വടകര: കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നു. മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി ദ്രുതഗതിയില്‍ നടക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പോകാനുള്ള ഒരു നടപടിയും തുടങ്ങാത്തതാണ് ഇത് വൈകാന്‍ കാരണമാകുന്നത്. മേല്‍പാലം അവസാനിക്കുന്ന ദേശീയപാതയുടെ ഭാഗത്ത് ജങ്ഷന്‍ സംവിധാനവും സിഗ്‌നല്‍ ലൈറ്റ് അടക്കമുള്ള പ്രവൃത്തികള്‍ നടന്നാലെ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം ഇതുവരെ എടുത്തിട്ടില്ല.
ഈ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടില്ല. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല ഇടപെടലുകള്‍ നടന്നില്ലെങ്കില്‍ മേല്‍പാലം വഴിയുള്ള ഗതാഗതം അനിശ്ചിതമായി നീളാനാണ് സാധ്യത. നിലവില്‍ മേല്‍പാലത്തിന് സമീപമുള്ള സ്ഥലം ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായിരുന്നു. ദേശീയപാത വികസനം യാഥാര്‍ഥ്യമായതിന് ശേഷം മാത്രം മേല്‍പാലം വന്നാല്‍ മതിയെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
പാത വികസനത്തിന്റെ നടപടികള്‍ ഇഴഞ്ഞുനിങ്ങുമ്പോള്‍ ഇത്തരം നടപടികള്‍ മേല്‍പാല വികസനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഈ ഭാഗത്ത് ട്രാഫിക് സിഗ്നല്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേല്‍പാലത്തിന്റെ ഇരുഭാഗത്തെയും അപ്രോച്ച് റോഡ് പണി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും.
എന്നാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് കാത്തിരിക്കേണ്ട ഗതികേട് വരികയാണെന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിലവില്‍ കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ ദേശീയപാതയിടലടക്കം ഗതാഗത തടസം നേരിടുകയാണ്. ഇതിന് പരിഹാരമായാണ് മേല്‍പാലം അനുവദിച്ചത്. പല കാരണങ്ങളാല്‍ പാലം പണി മുടങ്ങിയിരുന്നു. ഒടുവില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അവസാനഘട്ട പ്രവൃത്തികള്‍ തുടങ്ങിയത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ഈവഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടും.
ആ സമയങ്ങളില്‍ വലിയ തോതിലുള്ള ഗതാഗത തടസം നേരിടും. പാലംപണി അനന്തമായി നീളുന്നതാടെ കുഞ്ഞിപ്പള്ളി ദേശീയപാതയിലും റെയില്‍വേ ഗേറ്റിലും വന്‍ ഗതാഗതക്കുരുക്കായിരിക്കും ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."