രണ്ടിലധികം കുട്ടികളുള്ളയാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; മൂന്നാമത്തെ കുട്ടിയെ ദത്തുകൊടുത്താലും ശരി- സുപ്രിംകോടതി
ന്യൂഡല്‍ഹി: മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്വാഭാവികമായി അയോഗ്യരാവുമെന്ന് സുപ്രിംകോടതി വിധി. രണ്ടു കുട്ടികളെന്ന മാനദണ്ഡം പാലിക്കാന്‍ മൂന്നാമത്തെ കുട്ടിയെ ദത്തു കൊടുത്താലും നിയമം ബാധകമാവുമെന്നും സുപ്രിംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗല്‍, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പഞ്ചായത്തി രാജ് ആക്ട് അടിസ്ഥാനമാക്കിയാണ് വിധി. പഞ്ചായത്തി രാജ് ആക്ട് പാസാക്കിയ രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് വിധി ബാധകമാവുക.
ഒഡിഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. ഒറ്റപ്രസവത്തില്‍ ഇരട്ടകളും മൂന്നുകുട്ടികളുമൊക്കെ ജനിക്കുന്നത് സ്വാഭാവികമാണെന്നും അങ്ങനെ വന്നാല്‍ വിലക്ക് ബാധകമാകുമോ എന്നും അഭിഭാഷകന്‍ ചോദിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി, അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്ക് യുക്തമായത് തീരുമാനിക്കാമെന്നും വ്യക്തമാക്കി. മൂന്നാമത്തെ കുട്ടി ജനിച്ചതിന്റെ പേരില്‍ തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരായാണ് മാജി സുപ്രിം കോടതിയിലെത്തിയത്. മാജിക്കും ഭാര്യക്കും ആദ്യ രണ്ടുകുട്ടികളുണ്ടായത് 1995ലും 1998ലുമാണ്.
2002 ഫെബ്രുവരിയില്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി. അക്കൊല്ലം ഓഗസ്റ്റില്‍ മൂന്നാമതൊരു കുട്ടികൂടി ജനിച്ചു. ആദ്യം ജനിച്ച കുട്ടിയെ 1999 സെപ്റ്റംബറില്‍ ദത്തുനല്‍കിയിരുന്നുവെന്ന് മാജിയുടെ അഭിഭാഷകന്‍ പുനീത് ജയിന്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."