കൊച്ചി മെട്രോ ഉദ്ഘാടനം ഒരുക്കങ്ങള്‍ തകൃതി
കൊച്ചി: ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട 3,500 പേര്‍ക്ക് പങ്കെടുക്കാം. പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാസംവിധാനവും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നു.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംബന്ധിച്ച് അന്തിമരൂപമാകും.
ഇപ്പോഴത്തെ വിവരമനുസരിച്ച് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ നാവിക വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നാവികത്താവളത്തിലെയോ, നഗരത്തിലെയോ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ്. ഇതിനു ശേഷം മെട്രോയില്‍ പ്രധാനമന്ത്രിയുടെ യാത്രയും അദ്ദേഹത്തിന്റെ ഓഫിസിന്റെ പരിഗണനയിലുണ്ട്.
സ്റ്റേഡിയത്തിലെ വേദി പൊതുമരാമത്തുവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ടീം ഒരുക്കും. കനത്ത സുരക്ഷയിലാണ് വേദിയുടെയും പന്തലിന്റെയും നിര്‍മാണം. തൊഴിലാളികളുടെ പേരുവിവരങ്ങള്‍ നേരത്തെ തന്നെ പൊലിസിന് കൈമാറും. വേദി നിര്‍മാണത്തിനു മുന്നോടിയായി സി.സി.ടി.വി സ്ഥാപിക്കുകയും അവിടെ സന്ദര്‍ശിക്കുന്നവരുടെയും തൊഴിലാളികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും.
വേദിക്കുപുറത്ത് സ്റ്റേഡിയത്തിന്റെ പരിസരത്ത് വെള്ളക്കെട്ട് ഒഴിവാക്കാനും വാഹനപാര്‍ക്കിങ് സുഗമമാക്കാനുമുള്ള നടപടികളെടുക്കും. നേവല്‍ ബേസില്‍ നിന്ന് കലൂര്‍വരെയുള്ള വഴിയില്‍ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കാനും വഴിയരികിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനും ഉന്നതതല യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അത്യാഹിത ഘട്ടങ്ങളില്‍ തയാറായിരിക്കാന്‍ ജില്ലാ ആശുപത്രിക്കു പുറമെ പി.വി.എസ്, റിനൈ മെഡിസിറ്റി, നേവല്‍ ബേസിലെ സഞ്ജീവനി, മെഡിക്കല്‍ ട്രസ്റ്റ് തുടങ്ങിയ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പ്, കോര്‍പറേഷന്‍, ജി.സി.ഡി.എ, ഫുഡ് സേഫ്റ്റി എന്നിവയ്ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കുറ്റമറ്റതാക്കാനുള്ള നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി. മാധ്യമ ഏകോപനച്ചുമതല പി.ആര്‍.ഡി നിര്‍വഹിക്കും.
സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേഷ്, സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, എ.ഡി.എം എം.പി ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."