കഷോഗി വധം ആരുടെ ക്വട്ടേഷന്‍?
അങ്കാറ: മുതിര്‍ന്ന സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ വധത്തില്‍ സഊദിയെ വിടാതെ തുര്‍ക്കി. കൊലപാതകത്തിന് ഉത്തരവിട്ടതാരെന്നു സഊദി വ്യക്തമാക്കണമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ടെന്നും കൃത്യമായ സമയത്ത് എല്ലാം പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എ.കെ പാര്‍ട്ടി പ്രവിശ്യാ പ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. സഊദി അറസ്റ്റ് ചെയ്ത 18 പേരില്‍ കൊലയാളിയുണ്ടാകേണ്ടതാണ്. അങ്ങനെയല്ലെങ്കില്‍ പ്രാദേശികമായി കൃത്യം നടത്താന്‍ നേതൃത്വം നല്‍കിയ വ്യക്തി ആരെന്നു വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം സഊദിക്കുണ്ട്. കൊലപാതകത്തില്‍ രഹസ്യമറ ഒഴിവാക്കാന്‍ സഊദി തയാറാകണം. എന്നാലേ പരസ്പരമുള്ള സഹകരണവുമായി മുന്നോട്ടുപോകാനാകൂവെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
സഊദി ചീഫ് പ്രോസിക്യൂട്ടര്‍ നാളെ അന്വേഷണത്തിന്റെ ഭാഗമായി ഇസ്താംബൂളിലെത്തുമെന്നും ഉര്‍ദുഗാന്‍ അറിയിച്ചു. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുമായി അദ്ദേഹം അന്വേഷണത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യും. സംഭവവുമായി ബന്ധപ്പെട്ടു സഊദി അറസ്റ്റ് ചെയ്തവരെ തങ്ങള്‍ക്കു കൈമാറണമെന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഷോഗി വിഷയത്തില്‍ രണ്ടു ദിവസം മുന്‍പും ഉര്‍ദുഗാന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഷോഗിയെ ക്രൂരമായ രീതിയില്‍ തുണ്ടം തുണ്ടമായി ച്ഛേദിക്കുകയായിരുന്നുവെന്നും ദിവസങ്ങള്‍ക്കു മുന്‍പ് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കൊലപാതകമെന്നുമായിരുന്നു ഉര്‍ദുഗാന്റെ വിമര്‍ശം. എന്നാല്‍, ഉര്‍ദുഗാനും സല്‍മാന്‍ രാജാവും ഉള്ള കാലം സഊദി-തുര്‍ക്കി ബന്ധം തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നു കഴിഞ്ഞ ദിവസം സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ദിവസം തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്‌ലുവും സഊദിക്കെതിരേ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. അറസ്റ്റിലായ 18 പേര്‍ക്ക് ആരാണ് കൃത്യം നടത്താന്‍ ഉത്തരവ് നല്‍കിയത്?, കഷോഗിയുടെ മൃതദേഹമെവിടെയാണ്?, അറസ്റ്റിലായവരാണ് കൃത്യം നിര്‍വഹിച്ചതെന്നു നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കാവുസോഗ്‌ലു ഉന്നയിച്ചത്.
അതിനിടെ, കഷോഗിയുടെ മൃതദേഹത്തിനായി തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇസ്താംബൂളിലെ സ്ഥാനപതികളുടെ വസതികള്‍, കാര്യാലയങ്ങള്‍, സമീപത്തെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി തുടരുന്ന തെരച്ചിലില്‍ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല. തുര്‍ക്കിയിലെ സഊദി സ്ഥാനപതിയുടെ വസതിയില്‍നിന്നു ശരീരാവയവങ്ങള്‍ ലഭിച്ചതായി രണ്ടു ദിവസം മുന്‍പു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."