പ്രഥമ ശുശ്രൂഷയുടെ പ്രഥമ പാഠങ്ങള്‍
പ്രഥമ ശുശ്രൂഷ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക ക്രോസ് ചിഹ്നമുള്ള പെട്ടിയുടെ ചിത്രമോ, പഴയൊരു സിനിമയിലെ രംഗമോ ആയിരിക്കും. ബസ് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്‍ (ശ്രീനിവാസന്‍), ബസിലെ ഫസ്റ്റ് എയ്ഡ് ബോക്‌സ് അഥവാ പ്രഥമ ശുശ്രൂഷ പെട്ടി തുറക്കാനാവശ്യപ്പെടുന്നതും, തുറക്കുമ്പോള്‍ ഒഴിഞ്ഞ ബോക്‌സില്‍ നിന്നു പാറ്റയും പല്ലിയും ഓടിപ്പോകുന്നതുമായ രംഗം കണ്ട് നമ്മള്‍ ചിരിച്ചിട്ടുമുണ്ട്.
എന്താണ് പ്രഥമ ശുശ്രൂഷ
അപകടം, അസുഖം എന്നീ സന്ദര്‍ഭങ്ങളില്‍ അപകടം സംഭവിച്ച ആളുടെ അഥവാ രോഗിയുടെ ജീവന്‍ നിലനിര്‍ത്താനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനും വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്നു പറയുന്നത്.
പ്രഥമ ശുശ്രൂഷ ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക വിദ്യാഭ്യാസ യോഗ്യതയുടെയോ, ഡിഗ്രിയുടെയോ ആവശ്യമില്ല. മറിച്ച് അവസരോചിതമായി ഇടപെടാനുള്ള കഴിവും, മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസും ഉണ്ടെങ്കില്‍ ആര്‍ക്കും പ്രഥമ ശുശ്രൂഷ ചെയ്യാം.
ചരിത്രം
പതിനൊന്നാം നൂറ്റാണ്ടിലെ ചില പട്ടാളക്കാരുടെ പ്രവര്‍ത്തനകങ്ങളിലൂടെയാണ് പ്രഥമ ശുശ്രൂഷയുടെ ആരംഭം എന്നു കരുതപ്പെടുന്നു. അപകടത്തില്‍ പെടുന്ന പട്ടാളക്കാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ട പരിചരണം നല്‍കുകയും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയുമാണ് ഇവര്‍ ചെയ്തിരുന്നത്.
ലക്ഷ്യങ്ങള്‍
. ജീവന്‍ നിലനിര്‍ത്തുക
. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുക .വൈദ്യസഹായം ലഭ്യമാകുന്നതു വരെയുള്ള വിലപ്പെട്ട സമയം രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനു വേണ്ടി വിനിയോഗിക്കുക
പ്രധാന പ്രഥമ ശുശ്രൂഷകള്‍
റോഡപകടം ഉണ്ടായാല്‍
നട്ടെല്ലിനോ കഴുത്തിനോ പരുക്കുണ്ട് എന്നു സംശയിക്കുന്ന രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മറ്റും കൂടുതല്‍ ശരീരചലനങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഒടിഞ്ഞ ഭാഗങ്ങളില്‍ വടിക്കഷ്ണങ്ങളോ മറ്റോ വച്ചു സപ്പോര്‍ട്ട് ചെയ്തുകെട്ടുന്നത് ചലങ്ങള്‍ കുറയ്ക്കാനും വേദനകുറയ്ക്കാനും സഹായിക്കുന്നു. ഇരുചക്ര വാഹനത്തില്‍ നിന്നു വീണ് പരുക്കേറ്റ രോഗിയുടെ തലയില്‍ ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ വലിച്ചൂരി കൂടുതല്‍ അപകടങ്ങള്‍ വിളിച്ചു വരുത്താതിരിക്കുക. അടുത്തുള്ള ഹോസ്പിറ്റല്‍, പൊലിസ് സ്റ്റേഷന്‍, ഫയര്‍സ്റ്റേഷന്‍, ആംബുലന്‍സ് എന്നിവിടങ്ങളില്‍ വിവരമറിയിക്കുക. അപകടം നടന്ന സ്ഥലം, എത്രപേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടു എന്നും, അപകടം നടന്ന വിധം എന്നിവയൊക്കെ അറിയിക്കുക.
തീപ്പൊള്ളലേറ്റാല്‍
ചെറിയ പൊള്ളലുകളാണെങ്കില്‍ വെള്ളമുപയോഗിച്ചു കഴുകുക. വലിയ പൊള്ളലുകള്‍ക്ക് കൂടുതല്‍ അണുബാധ ഉണ്ടാകാതെ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക. തീ പിടുത്തമുണ്ടായ സന്ദര്‍ഭത്തില്‍ കട്ടിയുള്ള ചാക്കോ തുണിയോ ഉപയോഗിച്ചു തീ അണക്കുകയോ, നിലത്ത് കിടന്നുരുളുകയോ ചെയ്യുക. ഇത് തീ കത്താനാവശ്യമായ ഓക്‌സിജന്റെ ലഭ്യത കുറയ്ക്കുകയും, തീ കെട്ടു പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. തീ പിടുത്തമുണ്ടായ ആളുടെ ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കാതിരിക്കുക.
വെള്ളത്തില്‍ മുങ്ങുമ്പോള്‍
വെള്ളത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ആളെ തല താഴ്ത്തിവച്ചു കിടത്തുക. ശ്വാസതടസം ഉണ്ടെങ്കില്‍ തടസം നീക്കം ചെയ്യുകയും കൃത്രിമ ശ്വാസം നല്‍കുകയും ചെയ്യുക.
പാമ്പ് കടിയേറ്റാല്‍
പാമ്പ് കടിയേറ്റ സാഹചര്യം വരികയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത്, കടികൊണ്ട രോഗിക്ക് ആത്മധൈര്യം നല്‍കുക എന്നുള്ളതാണ്. മുറ്റത്തോ, പറമ്പിലോ വച്ചു പാമ്പ് കടിയേറ്റ ആള്‍ ഉടനെ പേടിച്ചു, മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടിയോ, വീട്ടിനകത്തേക്കോ ഓടിയെത്തുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ഇങ്ങനെ ഓടുന്നത് വഴിയും, ചലനം കൂടുന്നതിനനുസരിച്ചും വിഷം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പാമ്പു കടിയേറ്റ ആള്‍ ശരിക്കും ചെയ്യേണ്ടത് ശരീരഭാഗങ്ങളുടെ ചലനം പരമാവധി കുറയ്ക്കുക എന്നുള്ളതാണ്. ഇത് വിഷം ശരീരത്തിനകത്ത് കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തുന്നത് തടയാന്‍ വേണ്ടിയാണ്.
കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നുള്ളത് തുടര്‍ചികിത്സയ്ക്കു സഹായകരമാണെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കണം. പാമ്പിനെ തിരഞ്ഞു പിടിക്കുന്നതിനിടയില്‍, അടുത്ത ആള്‍ക്ക് കൂടി കടിയേറ്റ സന്ദര്‍ഭങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കണം. രോഗിക്ക് എത്രയുംപെട്ടന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കുക. അതാണ് ഏറ്റവും പ്രാധാന്യമുള്ളതും.
കടിയേറ്റ ഭാഗം ബ്ലേഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു മുറിവുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പലപ്പോഴും അനാവശ്യ അമിത രക്തസ്രാവത്തിന് കാരണമാകുന്നു. ശരിയായ വൈദ്യശാസ്ത്ര വൈദഗ്ധ്യം ഇല്ലാത്ത ഒരാള്‍ ഇത് ചെയ്യുന്നതു വഴി രക്തക്കുഴലുകള്‍ക്കും, സ്‌നായ്ക്കുകള്‍ക്കുമൊക്കെ അപകടം സംഭവിക്കാം.
തെറ്റിദ്ധാരണകള്‍ ഒഴിവാക്കൂ
വിഷം ഊതിവലിച്ചെടുക്കുക, കടികൊണ്ട ഭാഗം മുറിച്ചു കളയുക, കടിയേറ്റത്തിനു മുകളില്‍ കടുംകെട്ട് കെട്ടുക എന്നിവയാണ് പാമ്പ് കടി ശുശ്രൂഷയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍. ഊതിവലിച്ചെടുത്ത വിഷം കാരണം വായ്ക്കുളില്‍ പൊള്ളലേല്‍ക്കാനും, ചില സന്ദര്‍ഭങ്ങളില്‍ വിഷം രക്തത്തില്‍ കലരാനും കാരണമാകുന്നു. കടിയേറ്റതിനു മുകളില്‍ കെട്ടുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും തെറ്റായ രീതിയില്‍ കെട്ടുന്നതുകൊണ്ട് പലപ്പോഴും രക്തയോട്ടം കുറഞ്ഞു ശരീരഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ കെട്ടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലിംഫിന്റെ ഒഴുക്കിനെ തടയുക എന്നുള്ളതാണ്. പക്ഷെ പലപ്പോഴും രക്തയോട്ടമാണ് തടയപ്പെടുന്നത്. കടുംകെട്ടിനു പകരം, ഒരുവിരല്‍ കടക്കാന്‍ പാകത്തിലുള്ള അയഞ്ഞ കെട്ടുകളാണ് വേണ്ടത്. ഇത് കൂടാതെ കടിയേറ്റ ഭാഗം ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക, പൊട്ടാസ്യം പേര്‍മാഗ്‌നറ്റ് ക്രോമിക് ആസിഡ് മുതലായവ മുറിവിലിടുക, കൂടിയ അളവ് മദ്യം ഉപയോഗിക്കുക എന്നീ തെറ്റായ പ്രയോഗങ്ങളും അബദ്ധ ധാരണകളും ഒഴിവാക്കേണ്ടതുണ്ട്.
ഇതിനെക്കാളൊക്കെ അപകടകരമായ ഒരു കാര്യമാണ് ശരീരശാസ്ത്രത്തെകുറിച്ചോ, വിഷചികിത്സയെക്കുറിച്ചോ അടിസ്ഥാന ധാരണകള്‍ പോലുമില്ലാത്ത വ്യാജ ചികിത്സകരുടെ അടുത്ത് കടിയേറ്റവരെ ചികിത്സക്കായി കൊണ്ടുപോകുക എന്നുള്ളത്. ഈ പരീക്ഷണത്തില്‍ രോഗിക്ക് നഷ്ടപ്പെടുന്നത് ചികിത്സയുടെ ആദ്യ മണിക്കൂറുകളായ ഗോള്‍ഡന്‍ ഹവര്‍സ് ആണ്. വിഷപ്പാമ്പാണ് കടിച്ചതെങ്കില്‍ ആദ്യ മണിക്കൂറുകളിലെ ശരിയായ ചികിത്സ കൊണ്ടു മാത്രമേ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
പ്രഥമ ശുശ്രൂഷയുടെ പ്രധാന്യത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര റെഡ് ക്രോസ് ഫെഡറേഷന്റെയും, റെഡ് ക്രെസന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ലോക പ്രഥമ ശുശ്രൂഷ ദിനം ആചരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ശ്രദ്ധ ശുശ്രൂഷകനും വേണം
പ്രഥമ ശുശ്രൂഷയോളം പ്രാധാന്യമുള്ളതാണ് ശുശ്രൂഷ ചെയ്യുന്ന ആളുടെ ജീവനും ആരോഗ്യവും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. കൈയുറ, മാസ്‌ക് മുതലായവ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ധരിച്ചുകൊണ്ടു മാത്രം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ജനങ്ങള്‍ക്കെല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ ചെയ്യാനുള്ള പരിശീലങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ സമൂഹത്തിലും ഈ രീതിയിലുള്ള പരിശീലങ്ങള്‍ ആവശ്യമാണ്.
പ്രഥമ ശുശ്രൂഷ പെട്ടികളാണ് മറ്റൊന്ന്. വീട്ടില്‍ ആയാലും, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ആയാലും, ജോലി സ്ഥലമായാലും ഒരു പ്രഥമ ശുശ്രൂഷ പെട്ടി തയ്യാറാക്കുക. പാറ്റയും പല്ലിയും ഓടുന്ന ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ക്ക് പകരം അവശ്യമരുന്നുകളും, മുറിവുകള്‍ ഡ്രസ് ചെയ്യാനാവാശ്യമായ അവശ്യവസ്തുക്കളും നമ്മുടെ കയ്യെത്തുംദൂരത്ത് തയ്യാറാക്കി വയ്ക്കുക. (കുട്ടികളുടെ കൈ ഇവിടങ്ങളില്‍ എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.)
പ്രഥമ ശുശ്രൂഷയെന്നാല്‍, ജീവനുമായും ആരോഗ്യവുമായും അത്രയേറെ ബന്ധപ്പെട്ട ഒന്നാണ്. അത് രണ്ടും വളരെ വളരെ വിലപ്പെട്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."