തമിഴ്‌നാട്ടിലും കോഴിക്ക് ക്ഷാമം: ചിക്കന്‍ വില കൂടുന്നു
പാലക്കാട്:അന്യനാട്ടില്‍ നിന്നും കേരളത്തിലേക്ക് കോഴിവരുന്നത് കുറഞ്ഞു.ചിക്കന്‍ വില കൂടുന്നു. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒരുകിലോ കോഴിക്ക് 150 - 165 രൂപവരെയായിരുന്നു ഈടാക്കിയത്. ഇന്നലെമാത്രം 8 രൂപ കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ കോഴി ഇറച്ചിമാത്രമായിട്ട് പലയിടങ്ങളിലും നല്‍കുന്നില്ലെങ്കിലും ഇറച്ചിയുടെ വിലയായി കണക്കാക്കുമ്പോള്‍ അത് 210 ന് മുകളിലേക്ക് പോകും.
ഇന്നലെപാലക്കാട് വലിയങ്ങാടിയിലെ ഹോള്‍സെയില്‍ വ്യാപാരികള്‍ 150 രൂപക്കായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഹോള്‍സെയില്‍ വിലയില്‍ നിന്ന് 20 മുതല്‍ 30 രൂപവരെ കൂട്ടിയാണ് ചില്ലറ വില്‍പനക്കാര്‍ നല്‍കുന്നത്. നാലാഴ്ചക്കിടെ ഭീമമായി വിലയുയരുന്നതിനാല്‍ കച്ചവടം കുറഞ്ഞു. ഇതോടെ ചില്ലറ വ്യാപാരികള്‍ തങ്ങളുടെ ലാഭവിഹിതം കുറച്ച് നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലാണ്. ഇനിയും വിലകൂടിയാല്‍ കടകള്‍ അടച്ചിടുകയല്ലാതെ നിവൃത്തിയില്ലെന്നും ചില്ലറ വില്പനക്കാര്‍ പറയുന്നു.
ഇപ്പോള്‍ തമിഴ്‌നാട്ടിലും കോഴിക്ക് ക്ഷാമമാണ്. നിലവില്‍ കേരളത്തിലേക്ക് കോഴിവരുന്നത് ആന്ധ്രയില്‍ നിന്നാണ്. പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്ന് 150 ലോഡ് കോഴികളാണ് ജില്ലാ അതിര്‍ത്തി കടന്നുവന്നിരുന്നത്.ഇതിന്റെ പകുതിമാത്രമാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്. അതേസമയം, ഒക്ടോബര്‍, നവംബര്‍ വിവാഹങ്ങളുടെ സീസണായതിനാല്‍ കോഴിയിറച്ചിയുടെ വില കൂട്ടുന്നതായും വ്യാപാരികളില്‍ ചിലര്‍ പറയുന്നു. നവംബര്‍ പകുതിയോടെ മണ്ഡലകാലം ആരംഭിക്കുമെന്നതിനാല്‍ രണ്ടാഴ്ചയോളം ഈ വില തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."