പ്രളയം തടുത്ത പരിശീലനം; സ്വര്‍ണത്തില്‍ മറുപടി നല്‍കി ശ്രീശാന്ത്
തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കാനായി ഒത്തുപൊരുതുന്ന കേരളത്തിന് പ്രളയ ഓര്‍മകളിലൊരു സ്വര്‍ണവുമായി അഭിമാനമായിരിക്കുകയാണ് ആലപ്പുഴ ചുനക്കര ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരന്‍ ശ്രീശാന്ത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയാണ് ശ്രീശാന്ത് മേളയുടെ താരമായത്.
പ്രളയകാലത്ത് ശ്രീശാന്തിന്റെ വീട്ടിലും സമീപപ്രദേശങ്ങളിലുമെല്ലാം വെള്ളം കയറിയിരുന്നു. പ്രളയാനന്തരം മേളകളെല്ലാം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ആത്മസംഘര്‍ഷത്തിലായിരുന്നു ഈ പത്താംക്ലാസുകാരന്‍. മാവേലിക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ശ്രീശാന്ത് പരിശീലനം നടത്തിയിരുന്നത്. പ്രളയം മുക്കിയ ഗ്രൗണ്ടില്‍ വീണ്ടും പരിശീലനമാരംഭിക്കുമ്പോള്‍ മെഡല്‍ സ്വപ്നം മാത്രമായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു. ചുനക്കര ജി.വി.എച്ച്.എസ്.എസിലെ കായിക അധ്യാപികയാണ് അമ്മ രേഖ കുമാരി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയാണ് ആദ്യമായി ശ്രീശാന്തിന് ഷോട്പുട്ടിലുള്ള കഴിവ് കണ്ടെത്തിയത്.
കുട്ടിക്കാലത്ത് ശ്രീശാന്ത് കല്ലെടുത്ത് വെറുതേ എറിയുന്നത് കണ്ട് രേഖ അവന്റെ കൈയില്‍ ഷോട്ട്പുട്ട് വച്ച് കൊടുക്കുകയായിരുന്നു. പിന്നീട് മുന്‍ ഹാമര്‍ത്രോ താരം ശങ്കരന്‍പിള്ള ശ്രീശാന്തിന്റെ പരിശീലനം ഏറ്റെടുത്തു. പത്തുമീറ്ററായിരുന്നു ശങ്കരന്‍പിള്ള പരിശീലക ചുമതല ഏറ്റെടുക്കുമ്പോള്‍ ശ്രീശാന്തിന് എറിയാനായിരുന്നത്. പിന്നീട് ഷോട്പുട്ടിന്റെ പാഠങ്ങളും തന്ത്രങ്ങളും പറഞ്ഞുനല്‍കിയതും ഇനിയുള്ള പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്നതും ശങ്കരന്‍ പിള്ള സാറായിരിക്കുമെന്ന് ശ്രീശാന്ത് പറയുന്നു.
ഇത്തവണ മത്സരം കടുത്തതായിരുന്നു. ആറാം ശ്രമത്തിലാണ് ശ്രീശാന്തിന് വിജയദൂരം പിന്നിടാനായത്. പിന്തുണയുമായി കുടുംബവും പരിശീലകനും കൂടെയുള്ളതാണ് കരുത്തെന്ന് ശ്രീശാന്ത് പറയുന്നു. പ്രചോദനവും ധൈര്യവുമായ അമ്മയെ സാക്ഷി നിറുത്തി ഒടുവില്‍ അവന്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 13.19 മീറ്റര്‍ ദൂരത്തേക്ക് ഷോട്ടെറിഞ്ഞിട്ട് വഴുതിമാറിക്കൊണ്ടിരുന്ന ഒന്നാംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. താന്‍ കളിച്ചുവളര്‍ന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മകന്‍ സുവര്‍ണനേട്ടം കൊയ്യുന്നത് നിറകണ്ണുകളോടെ രേഖ കണ്ടു. കന്നി ദേശീയ മീറ്റിനുള്ള തയാറെടുപ്പിലാണ് ശ്രീശാന്ത്. അച്ഛന്‍ ശ്രീകുമാര്‍, സഹോദരന്‍ ശ്രീകാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."