വിട പറഞ്ഞത് തോട്ടം തൊഴിലാളികളുടെ പ്രിയ നേതാവ്
തലപ്പുഴ: തലപ്പുഴ മേഖലയിലെ തോട്ടം തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തേകിയ നേതാവിന്റെ വിയോഗം തലപ്പുഴക്ക് തീരാനഷ്ടമായി. കഴിഞ്ഞ ദിവസം അന്തരിച്ച എം.എസ് മുഹമ്മദ് നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് മുസ്‌ലിംലീഗിലെത്തുകയായിരുന്നു. 1969-70 കാലഘട്ടങ്ങളില്‍ തരുവണ, വെള്ളമുണ്ട ഭാഗങ്ങളില്‍ തയ്യല്‍ തൊഴിലാളിയായി സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചു.
പിന്നീട് നക്‌സലിസത്തില്‍ ആകൃഷ്ടനായി വര്‍ഗ്ഗീസ്, കന്നേല്‍ നാരായണന്‍, അജിത എന്നിവര്‍ക്കൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ടൈലര്‍ മുഹമ്മദ് എന്ന പേര് ലഭിക്കുകയും ചെയ്തു. വര്‍ഗ്ഗീസിന്റെ സന്തതാ സഹചാരിയായിരുന്നു. വര്‍ഗ്ഗീസ് എവിടെ പോകുമ്പോഴും കൂടെയുണ്ടാകുമായിരുന്നു. വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നതിന്റെ തേലദിവസം വരെ ഒരുമിച്ച് കഴിഞ്ഞ മുഹമ്മദ് കൊല്ലപ്പെട്ട ദിവസം ചില ആവശ്യങ്ങള്‍ക്കായി കൊട്ടിയൂരിലേക്ക് പോകുകയായിരുന്നു. വര്‍ഗ്ഗീസ് കൊല്ലപ്പെടുകയും തുടര്‍ന്ന് മുഹമ്മദ് അടക്കമുള്ളവര്‍ ഒറ്റപ്പെട്ടു. ദിവസങ്ങള്‍ക്കകം പൊലിസ് പിടിയിലുമായി.
നക്‌സലൈറ്റ് അക്രമണ കേസ്സുകളില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചു. നാട്ടിലെത്തിയ മുഹമ്മദ് മുസ്‌ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു പിന്നീട്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആദ്യമായി യൂത്ത്‌ലീഗ് കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ സ്ഥാപക സെക്രട്ടറിയുമായി. ചിട്ടയായ പ്രവര്‍ത്തനവും, തൊഴിലാളികളോടുള്ള സമീപനവുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖമുദ്ര. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുടെ മുന്‍പിലും കീഴടങ്ങാതെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എം.എസ് മുഹമ്മദെന്ന നാട്ടുകാരുടെ എം.എസ്‌ക്കക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. എം.എസ്‌ക്കയുടെ വിയോഗം തൊഴിലാളി മേഖലക്ക് തീരാനഷ്ടമാണ് വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."