300 കോടി തട്ടിയ മാര്‍ക്കറ്റിങ് കമ്പനി എം.ഡി തായ്‌ലന്റിലേക്ക് മുങ്ങി
പാലക്കാട്: കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിങ് കമ്പനിയുടെ എം.ഡി പ്രവാസികളുള്‍പ്പെടെയുള്ള മലയാളികളുടെ 300 കോടി രൂപ തട്ടി മുങ്ങി. കമ്പനി എം.ഡി സേലം സ്വദേശി രവികുമാറാണ് തായ്‌ലാന്റിലേക്ക് മുങ്ങിയത്.
കോയമ്പത്തൂര്‍ സായ്ബാബ കോളനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന വി.വി ട്രേഡേഴ്‌സ് എം.ഡി രവികുമാര്‍ തായ്‌ലന്റിലെത്തിയതായി തന്റെ സ്ഥാപനത്തിലെ ജീവനക്കാരനോട് ഫോണില്‍ സംസാരിച്ചതിന്റെ ഓഡിയോ സുപ്രഭാതത്തിന് ലഭിച്ചു.
പണം തിരികെ ചോദിച്ച് ആരും തന്നെ വിളിക്കേണ്ടതില്ലെന്നും ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള ആശയം പറഞ്ഞുതരാന്‍ വേണ്ടി വിളിച്ചാല്‍ മതിയെന്നുമാണ് രവികുമാര്‍ ജീവനക്കാരനോട് പറയുന്നത്. വി.വി ട്രേഡേഴ്‌സില്‍ പണം നിക്ഷേപിച്ചവരില്‍ 90 ശതമാനം പേരും പ്രവാസികളുള്‍പ്പെടെയുള്ള മലയാളികളാണ്. മലയാളികള്‍ മണ്ടന്‍മാരാണെന്നും പറ്റിക്കാന്‍ പറ്റിയവരാണെന്നും മറ്റൊരു സംഭാഷണത്തില്‍ രവികുമാര്‍ പറയുന്നുണ്ട്.
കമ്പനി ഫോറക്‌സ് ട്രേഡിങ്, ഷെയര്‍മാര്‍ക്കറ്റിങ്ങിലാണ് പണം ഉപയോഗിക്കുകയെന്നാണ് നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്.
ഇത്തരത്തില്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന 300 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് എത്തിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. എം.ഡിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ മലയാളി സംഘമുണ്ടെന്നും ഇവര്‍ പുതിയ കമ്പനികളുടെ പേരില്‍ ഇരകളെ തേടി കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ മനസിലാകുന്നുണ്ട്.
വി.വി ട്രേഡേഴ്‌സിന്റെ കേരളത്തിലെ ചീഫ് ലീഡേഴ്‌സാണ് പുതിയ പേരുകളില്‍ വീണ്ടും കമ്പനി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുള്ളത്. ഇവര്‍ നേരത്തെ നാനോ എക്‌സല്‍, ടൈക്കൂണ്‍, ഡി.എം.ജി കമ്പനികളിലും ലീഡേഴ്‌സ് ആയിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ സംസ്ഥാനത്തേയും കേന്ദ്രത്തിന്റേയും രഹസ്യാന്വേഷണ സംഘങ്ങള്‍ പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ദുരൂഹതകളെക്കുറിച്ച് നേരത്തെ നിക്ഷേപകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കൈനിറയെ പണവും ആഢംബര സൗകര്യങ്ങളും കിട്ടുമെന്നു പ്രലോഭിപ്പിച്ചാണ് നിക്ഷേപകരെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ശൃംഖലയില്‍ കണ്ണികളാക്കിയിരുന്നത്. ഡല്‍ഹിയില്‍ അല്ലെങ്കില്‍ മുംബൈയില്‍ കേന്ദ്ര ഓഫിസും കോയമ്പത്തൂരില്‍ റീജിയണന്‍ ഓഫിസുമുണ്ടെന്ന് അവകാശപ്പെട്ട് ഇത്തരത്തില്‍ പല കമ്പനികളും മണി ചെയിന്‍ തട്ടിപ്പും എം.എല്‍.എം തട്ടിപ്പും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. കൃത്യമായ റസിപ്റ്റുകളോ, മറ്റു രേഖകളോ കൊടുക്കാതെയാണ് നിക്ഷേപകരില്‍ നിന്നും ഇത്തരം കമ്പനികള്‍ പണം തട്ടുന്നത്. വി.വി ട്രേഡേഴ്‌സ് നിക്ഷേപകര്‍ക്ക് കൊടുത്തിരിക്കുന്ന ബാങ്ക് ഗ്യാരണ്ടി സര്‍ട്ടിഫിക്കറ്റ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെലിയൂസ് ബാങ്കിന്റേതാണ്. എന്നാല്‍ റെലിയൂസ് അമേരിക്കയില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."