എന്റെ കൂട് ആര്‍ക്കും വേണ്ട
കോഴിക്കോട്: ടൈല്‍ പാകി സുന്ദരമാക്കിയ മുറ്റം. എന്നാല്‍ ഗേറ്റ് തുറന്ന് അകത്തുകയറിയാല്‍ അത്ര സുന്ദരമല്ല കാഴ്ചകള്‍. തുരുമ്പുപിടിക്കുന്ന പുതിയ കട്ടിലുകള്‍, കെട്ടുപോലും പൊട്ടിക്കാത്ത പുത്തന്‍ തലയിണകള്‍... ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി പണികഴിപ്പിച്ച ഒരു കെട്ടിടത്തിന്റെ അവസ്ഥയാണിത്. എന്റെ കൂട്. നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും താല്‍ക്കാലികമായി പുനരധിവസിക്കുന്ന സ്ഥാപനമാണിത്. സാമൂഹ്യനീതി വകുപ്പാണ് 2015 ജൂണില്‍ പദ്ധതിക്കു രൂപം നല്‍കിയത്.
സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പദ്ധതി തുടങ്ങി മൂന്നുവര്‍ഷം പിന്നിട്ടിട്ടും ആളുകളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. ഇതേകുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ല എന്നതാണു എന്റെ കൂട്ടിലേക്ക് ആരും വരാത്തത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും രാത്രി പകലാക്കി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് എന്റെ കൂട്.
ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായെങ്കിലും എന്റെ കൂടിനെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്ന് എന്റെ കൂട് അംഗം ടി.വി നിഖില പറയുന്നു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ഉണ്ടാകൂ. സന്ദര്‍ശകര്‍ ആരുമില്ലാതെ പൂട്ടിയിടേണ്ട അവസ്ഥയും വരാറുണ്ട്. പുതിയറയില്‍ ജില്ലാ ജയിലിനു സമീപമാണ് ഈ രാത്രികാല വസതി.
പ്രളയസമയത്ത് കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് താമസമൊരുക്കിയതും ഇവിടെയാണ്. ഒരു കൗണ്‍സലര്‍, ഒരു ശുചീകരണ തൊഴിലാളി ഉള്‍പ്പെടെ അഞ്ചു ജീവനക്കാരാണ് ഇവിടെയുള്ളത്. താമസക്കാര്‍ക്ക് കൗണ്‍സലിങ്ങിനും സൗകര്യമുണ്ട്.
വീടുവിട്ട് ഇറങ്ങിവരുന്ന പലരേയും ഇവരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കി തിരിച്ചയക്കാറുണ്ട്. ഇപ്പോള്‍ മിക്കവരും പിങ്ക് പൊലിസും റെയില്‍വേ പൊലിസും മുഖേന വരുന്നവരാണ്.
സൗകര്യത്തിന്റെ ആധിക്യം
രണ്ടു ഡോര്‍മെട്രികളിലായി ഒരേ സമയം 50ഓളം പേര്‍ക്ക് ഇവിടെ താമസിക്കാം. കൂടാതെ മൂന്നു ശുചിമുറികള്‍, രണ്ടു കുളിമുറികള്‍. ടെലിവിഷന്‍, വാഷിങ് മെഷിന്‍, സി.സി.ടി.വി കാമറ അടക്കം ആധുനിക സൗകര്യങ്ങളുമുണ്ട്. താമസിക്കാന്‍ വരുന്നവര്‍ക്ക് രാവിലെ ചായയും ബിസിക്കറ്റും നല്‍കുന്നു. വയോധികര്‍ക്ക് ആവശ്യമെങ്കില്‍ രാത്രിയില്‍ ഭക്ഷണവും. കൂടാതെ കിടക്കവിരി, തലയണ, തോര്‍ത്ത്, ബക്കറ്റ്, പേസ്റ്റ്, സോപ്പ് എന്നിവയും നല്‍കുന്നു. വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴു വരെയാണു പ്രവേശനം. പ്രവേശനം പൂര്‍ണമായി സൗജന്യമാണെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
വെള്ളമില്ല, വെളിച്ചവും
സൗകര്യം 'അധിക'മുണ്ടെങ്കിലും കുടിവെള്ളത്തിന്റെ കാര്യം കഷ്ടമാണ്. ആഴ്ചയില്‍ 3,500 ലിറ്റര്‍ വെള്ളം പുറത്തുനിന്ന് വാങ്ങുകയാണു ചെയ്യുന്നത്. മുന്നിലെ റോഡില്‍നിന്ന് കണക്ഷന്‍ എടുക്കാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം. ടാറിങ് കഴിഞ്ഞ റോഡ് പൊളിച്ച് കണക്ഷന്‍ എടുക്കാന്‍ അനുമതിയില്ലാത്തതു കൊണ്ടാണ് ഇതു വൈകുന്നത്. കുടിവെള്ളത്തിനും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ള ടാങ്ക് വൃത്തിയാക്കിയിട്ടില്ല.
അതിനു ശേഷം ബാരലില്‍ വെള്ളം വാങ്ങിയിരുന്നു. പിന്നീട് കുടിശ്ശിക വന്നതോടെ ആ വെള്ളവും നിന്നു. ഇപ്പോള്‍ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. നിരവധി പ്രാവശ്യം അധികൃരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു.
കൂടാതെ കെട്ടിടത്തിനു മുന്നില്‍ വെളിച്ചമില്ലാത്തതും പ്രശ്‌നമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."