ഭിന്നശേഷിക്കാര്‍ക്കായി സുഗമ്യഭാരത പദ്ധതി: 1.07 കോടിയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു
തൃശൂര്‍: അംഗപരിമിതര്‍ക്ക് ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ യാത്ര സുഗമമാക്കാന്‍ സുഗമ്യഭാരത പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് മന്ത്രി വിജയ് സാംപ്ല.
ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്പറേഷന് ഓഫ് ഇന്ത്യ (അലിംകോ) സംഘടിപ്പിച്ച സാന്ത്വനം-2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുളള സര്‍ക്കാര്‍ കെട്ടിടങ്ങളിലും മറ്റും അംഗപരിമിതക്കര്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 1683 അംഗപരിമിതര്‍ക്കായി 1.07 കോടി രൂപക്കുള്ള ഉപകരണങ്ങളാണ് സാന്ത്വനം 2018 എന്ന ക്യാംപില്‍ വിതരണം ചെയ്തത്. വിതരണം ചെയ്ത ഉപകരണങ്ങള്‍ ജപ്പാന്, ഇംഗ്ലണ്ട് പോലുളള രാജ്യങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്ന് മന്ത്രി. സി.എസ്.ആര് ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ വില മതിക്കുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനങ്ങള്‍ കൊടുത്ത കൊച്ചിന് ഷിപ്യാര്‍ഡും ഈ സംരംഭത്തില്‍ പങ്കാളിയായി. വീല്‍ചെയറുകള്‍, ക്രെച്ചസുകള്, റൊളാറ്റര്സ്, ബ്രെയ്ലി കിറ്റുകള്‍, ശ്രവണോപകരണങ്ങള്‍, വാക്കിങ് സ്റ്റിക്കുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ നടന്ന ഉപകരണ വിതരണ ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.പി മാരായ പ്രൊ. റിച്ചാര്‍ഡ് ഹേ, സി.എന്‍ ജയദേവന് മേക്കിങ് കേരളയുടെ ചെയര്മാന് എന്‍. രാധാകൃഷ്ണന്, കൊച്ചിന് ഷിപ്യാര്ഡ് ഡയരക്ടര്‍ രാധാകൃഷ്ണന് നായര്‍, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സുലക്ഷണ, മറ്റു വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."