സഊദി സന്ദര്‍ശക വിസ ഫീസ് ഇളവ് ടൂറിസം മേഖലയില്‍ നേട്ടമുണ്ടാക്കും
റിയാദ്: സഊദിയില്‍ വിവിധ തരത്തിലുള്ള സന്ദര്‍ശക ഫീസുകളില്‍ ഇളവ് വരുത്തിയത് രാജ്യത്തെ ടൂറിസം മേഖലകളില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നും ആഭ്യന്തര വിപണികളെ ഉണര്‍ത്തുമെന്നും വിലയിരുത്തല്‍. വിസ ഫീസില്‍ ഗണ്യമായ കുറവ് വരുത്തിയതോടെ സന്ദര്‍ശക വിസകളില്‍ എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. ഇത് പ്രാദേശിക, ആഭ്യന്തര വിപണികള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും അത് വഴി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥക്ക് ഉണര്‍വ്വേകുമെന്നും കരുതുന്നു. സമ്പദ്ഘടനയില്‍ ടൂറിസം മേഖലവഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നിലവില്‍ വിവിധ തരത്തിലുള്ള സഊദി വിസകള്‍ക്ക് വന്‍തോതിലുള്ള ഫീസാണ് ഈടാക്കുന്നത്. അതിനാല്‍ തന്നെ ഇങ്ങോട്ടേക്കുള്ള ആളുകളുടെ വരവ് താരതമേന്യ കുറവാണ്.
മൂന്ന് മാസമുള്ള സന്ദര്‍ശകവിസ, ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള വിസകള്‍ക്ക് ഏകീകരണ സ്വഭാവത്തിലുള്ള കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഘടന പ്രകാരം ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 (5500 രൂപ) റിയാലായിരിക്കും നിരക്ക് ഈടാക്കുക. നേരത്തെ മുഴുവന്‍ വിസകള്‍ക്കും 2000 റിയാല്‍ വരെ ഉയര്‍ത്തിയിരുന്നെകിലും പിന്നീട് കുടുബ സന്ദര്‍ശക വിസകള്‍ക്ക് തുക കുറച്ചിരുന്നു.
പുതിയ തീരുമാനത്തോടെ മുന്നൂറ് റിയാലുണ്ടെങ്കില്‍ വിസയും നേടി ടിക്കറ്റെടുത്താല്‍ സഊദിയിലെത്താന്‍ സാധിക്കും. അതോടൊപ്പം തന്നെ ഈ വര്‍ഷം പുറത്തിറക്കുന്ന ടൂറിസം വിസയും പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ഇത്തരം വിസകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അതിലൂടെ പ്രാദേശിക വിപണി കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു. നിലവില്‍ പ്രത്യേക ഇവന്റുകള്‍ക്കായി വിസകള്‍ നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഹജ്, വിസിറ്റ് തുടങ്ങി മുഴുവന്‍ വിസകളും പുനഃസംഘടിപ്പിച്ചത് അടുത്തയാഴ്ച്ച നടക്കുന്ന ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ, അവയവദാന നിയമ ഭേദഗതി, പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങള്‍ തുടങ്ങിയവ പരമോന്നത സഭ ചര്‍ച്ച ചെയ്തു ഭൂരിപക്ഷം ലഭിച്ചാല്‍ ഈ നിയമാവലി വൈകാതെ പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."