അപേക്ഷ സമര്‍പ്പണത്തില്‍ മാന്ദ്യം: വിനയായത് കേന്ദ്ര നയങ്ങള്‍
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോകുന്നതിനുള്ള അപേക്ഷ സമര്‍പ്പണത്തില്‍ മാന്ദ്യം. കഴിഞ്ഞ 18 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അപേക്ഷരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ആണ് അപേക്ഷകരെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് വിവരം.
അഞ്ചു വര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കേരള ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചതോടെ 65 മുതല്‍ 69 വയസു വരെയുള്ളവര്‍ക്ക് ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മെഹ്‌റം ആയി കൂടെ പോകേണ്ടവരും കവറിലുള്ള മറ്റുള്ളവരും നിശ്ചിത പ്രായപരിധിയില്‍ ഉള്‍പ്പെടാത്തവരായതിനാല്‍ പലര്‍ക്കും കോടതി ഉത്തരവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനായിരുന്നില്ല. അവസരമുണ്ടായിട്ടും 65നും 69നും ഇടയില്‍ പ്രായമുള്ള പലര്‍ക്കും ഇതിനാല്‍ ഹജ്ജ് യാത്ര ഉപേക്ഷിക്കേണ്ടിയും വന്നു. അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് സംസ്ഥാനത്തുനിന്ന് കഴിഞ്ഞ വര്‍ഷം അഞ്ചാം വര്‍ഷക്കാരായി യാത്ര പോയത്.
ഇതിനു പുറമെ പ്രവാസികള്‍ പാസ്‌പോര്‍ട്ട് നേരത്തെ സമര്‍പ്പിക്കണമെന്ന കഴിഞ്ഞ തവണത്തെ നിര്‍ദേശവും വിനയായി. പ്രവാസികളായ നിരവധി പേര്‍ ഹജ്ജിന് അവസരം കിട്ടിയിട്ടും യാത്ര ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഈ വര്‍ഷം പ്രവാസികള്‍ക്കു പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. ശവ്വാല്‍ 10 നാണു പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തിയതിയായി നിലവില്‍ അറിയിപ്പുള്ളത്. കഴിഞ്ഞ തവണ അഞ്ചുമാസം മുന്‍പേ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും ആവശ്യം ഇപ്പോള്‍ ചില സ്വകാര്യ ഏജന്‍സികള്‍ മുതലെടുക്കുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞ് അപേക്ഷകരെ തങ്ങളുടെ കീഴിലേക്ക് എത്തിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. നിലവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം അപേക്ഷകള്‍ കേരളത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."