ബാലനീതി നിയമം: അനാഥാലയങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് മുനീര്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ചട്ടം മറപിടിച്ച് കേരളത്തിലെ അനാഥാലയങ്ങളെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.
കേരളത്തില്‍ അപ്രായോഗികമാണെന്ന് പരാതി ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ചട്ടം അപ്പടി നടപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചട്ടങ്ങള്‍ക്ക് രൂപംനല്‍കിയത്. ബാലനീതി നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച മോഡല്‍ റൂള്‍സിന്റെയും പഴുതില്‍ അനാഥാലയങ്ങളുടെ നിയന്ത്രണവും മാനേജ്‌മെന്റ് അധികാരവും കൈയടക്കാനാണ് സര്‍ക്കാര്‍ ശ്രമം.പതിറ്റാണ്ടുകളായി തുടരുന്ന അനാഥാലയങ്ങള്‍ക്ക് അനുകൂലമായി നിലവിലുള്ള നിയമങ്ങളെ അപ്രസക്തമാക്കിയും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ ചട്ടം അനാഥ ബാല്യങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015ന്റെ സംസ്ഥാന ചട്ടം രൂപീകരിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് അനാഥാലയങ്ങളെ തകര്‍ക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഗൂഢശ്രമം. വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളെയും വഖ്ഫ് സ്ഥാപനങ്ങളെയും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."