പുരസ്കാര നിറവില്‍ മയ്യഴിയുടെ കഥാകാരന്
പി.എം മുരളി
മാഹി: കേരളത്തില്‍ ഒരു എഴുത്തുകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരത്തിന്റെ നിറവിലാണ് മയ്യഴിയുടെ കഥാകാരന്. യാത്രകഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് എം. മുകുന്ദനെ തേടി സാംസ്കാരിക മന്ത്രി എ.കെ ബാലന്റെ വിളിയെത്തിയത്. പിന്നാലെ മാഹി സെമിത്തേരി റോഡിലെ സരോവരം വീട്ടില്‍ ആഹ്ലാദാരവം മുഴങ്ങി.
വലിയ എഴുത്തുകാരുടെ പരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് മുകുന്ദന്റെ ആദ്യ പ്രതികരണം. വലിയ എഴുത്തുകാരായ തകഴി, ഒ.എന്‍.വി, അക്കിത്തം, ടി. പദ്മനാഭന് എന്നിവരില്‍ ഒരാളായി ഞാന്‍ മാറുകയാണ്. നാട് മുഴുവന്‍ നല്കുന്ന ഈ പുരസ്കാരം എഴുത്തുകാരന് എപ്പോഴും ബലംനല്‍കും. എന്റെ ബലം വായനക്കാര്‍ കൂടെയുണ്ടെന്നതാണ്. അതാണെന്റെ പുരസ്കാരം.
മാറിയ മയ്യഴിയെക്കുറിച്ചുള്ള രൂപം മനസിലുണ്ട്. എന്നാല്‍, അത് എഴുതിയാല്‍ നാട്ടുകാരുടെ സ്നേഹം കുറയും. അതു പുതിയ എഴുത്തുകാര്‍ ചെയ്യട്ടെയെന്നും തുടരെ തുടരെ വരുന്ന അഭിനന്ദന ഫോണ്‍ വിളികള്‍ക്കിടെ മുകുന്ദന് പറഞ്ഞുനിര്‍ത്തി.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വൈകിട്ട് വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ആധുനികതയുടെ ശക്തനായ വക്താവെന്നാണ് മുകുന്ദനെ വിശേഷിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയുടെ ഭാര്യ ഉഷയും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."