ഉണ്ണിയപ്പത്തിന്റെ വിലകൂട്ടിയ നടപടി; മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയ ദേവസ്വം ബോര്‍ഡ് ഉത്തരവ് നടപ്പാക്കരുതെന്ന കൊട്ടാരക്കര മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് 5 മണിമുതല്‍ 35 രൂപ നിരക്കില്‍ ക്ഷേത്രത്തില്‍ ഉണ്ണിയപ്പ വിതരണം വീണ്ടും ആരംഭിച്ചു. ബോര്‍ഡിന്റെ യോഗം കൂടി ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്താണന്ന് സംബന്ധിച്ച് ചൊവ്വാഴ്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വിലവര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഭക്തന്മാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മുന്‍സിഫ് കോടതിയുടെ നടപടി. അതേസമയം കേരളാ ക്ഷേത്രസംരക്ഷണസമിതി കൊട്ടാരക്കര ശാഖ വിലവര്‍ധനവിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നടപടി. സ്റ്റേ ഉത്തരവ് ലഭിച്ചതോടെ തന്നെ 35 രൂപ നിരക്കില്‍ ഉണ്ണിയപ്പം വിതരണം ചെയ്യാന്‍ ബോര്‍ഡ് ക്ഷേത്ര അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകിട്ട് 5 മണി മുതല്‍ തന്നെ വിതരണവും ആരംഭിച്ചു. 20 ദിവസമായി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന നിവേദ്യമായ ഉണ്ണിയപ്പത്തിന്റെ വിതരണം മുടങ്ങിയിട്ട്.
ഇന്ന് മിഥുനമാസം ഒന്നാം തിയതിയായതിനാല്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസവുമാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രസംരക്ഷസമിതി നടത്തിയ സമരവും താല്‍ക്കാലികമായി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."