കാലിക്കറ്റ് സര്‍വകലാശാലയിലെ ജാതിവിവേചന വിവാദം; അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ജാതീയമായി അധിക്ഷേപം നേരിട്ട സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയോടും മലയാള വിഭാഗം തലവനോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടു. സംഭവം അന്വേഷിക്കാന്‍ ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തില്‍ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്.
പരമാവധി ബുദ്ധിമുട്ടിച്ച് ഗവേഷണം സ്വയം നിര്‍ത്തി പോകാന്‍ പ്രേരിപ്പിക്കുന്ന തരം ഹീനമായ പ്രവര്‍ത്തികള്‍ സര്‍വകലാശാലയിലെ ഗൈഡായ ഡോ. എം. ഷമീന, മലയാള പഠന വിഭാഗം തലവന്‍ ഡോ. എല്‍ തോമസുകുട്ടി എന്നിവരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് വിദ്യാര്‍ഥികള്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പട്ടികജാതിക്കാരെയാകെ അപമാനിക്കുന്ന സംഭാഷണമാണ് അധ്യാപികയില്‍ നിന്നുണ്ടാകുന്നതെന്നും ഉദാഹരണ സഹിതം ഗവേഷണ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബര്‍ ഉപരോധിച്ചു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും കൂടുതല്‍ പേര്‍ ഉള്ളിലെത്തുന്നതിന് മുന്‍പ് സമരക്കാര്‍ വാതില്‍ അകത്തുനിന്നും പൂട്ടി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും അന്വേഷണം നടത്താന്‍ ഉപസമിതിയെ നിയോഗിച്ചും തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."