സുബ്രതോ കപ്പ് ചാംപ്യന്‍ഷിപ്പ്; മത്സരങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം
എന്‍.എം കോയ പള്ളിക്കല്‍
ചേലേമ്പ്ര: ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടന്നു വരുന്ന സുബ്രതോകപ്പ് ചാംപ്യന്‍ഷിപ്പ് മത്സരങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആക്ഷേപമുയരുന്നു. സംസ്ഥാനതല മത്സരങ്ങള്‍ നടക്കുമ്പോള്‍ ഉള്‍പ്പെടെ ചില സ്‌കൂളുകള്‍ പ്രത്യേക പരിശീലനം ലഭിച്ച ഇതര സംസ്ഥാന വിദ്യാര്‍ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാറുണ്ടെന്നും ഈ പ്രവണത കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മികച്ച അവസരമാണ് ഇല്ലാതാക്കുന്നതെന്നും കേരളത്തിലെ വിദ്യാര്‍ഥികളില്‍നിന്ന് പരാതി ഉയരുന്നുണ്ട്. പ്രായപരിധിക്കനുസരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നതെങ്കിലും മത്സരവേളകളില്‍ പ്രായപരിധി കൃത്യമായി പരിശോധിക്കാറില്ലായെന്നാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ചില സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന വിവരം. 2014 ല്‍ നടന്ന ദേശീയ സുബ്രതോകപ്പ് ചാംപ്യന്‍ഷിപ്പ് മത്സരത്തില്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേലേമ്പ്രയില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ഥികളെ മത്സരത്തില്‍ നേരിടാനെത്തിയത് 16, 17 വയസ് പ്രായമുള്ള വിദ്യാര്‍ഥികളായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഈ മാസം ഡല്‍ഹില്‍ നടക്കുന്ന അണ്ടര്‍ 17 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലയിലെ ചേലേമ്പ്ര എന്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചേലേമ്പ്രയില്‍ നല്‍കിയ യാത്രയയപ്പ് സംഗമത്തിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യമുന്നയിച്ചത്. മത്സരാര്‍ഥികളുടെ പ്രായം കൃത്യമായി പരിശോധിക്കാന്‍ ആധുനിക സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കെ ബന്ധപ്പെട്ടവര്‍ അതിന് തയാറാകുന്നില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള അനാസ്ഥ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ ഇടപടലുകള്‍ ബന്ധപ്പെട്ട അധികാരികള്‍ നടത്തണമെന്നും ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയോട് ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് സ്‌കൂള്‍ അധികൃതരും ഫുട്‌ബോള്‍ അക്കാദമി മലപ്പുറം ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."