കഥയുടെ രാജശില്‍പി
മലയാള ചെറുകഥാ സാഹിത്യത്തിന് ശക്തമായ ഒരു ഭൂതകാലമുണ്ട്. നവോത്ഥാന കാലഘട്ടമെന്ന് സാഹിത്യ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ അതിന്റെ സ്രഷ്ടാക്കളില്‍ പ്രഥമ ഗണനീയനാണ് കാരൂര്‍ നീലകണ്ഠപിള്ള. തകഴി, എസ്.കെ പൊറ്റെക്കാട്ട്, ബഷീര്‍, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, ലളിതാംബിക അന്തര്‍ജനം എന്നിവരുടെ സമകാലികനും അവരോടൊപ്പം കഥാലോകത്തു നിറഞ്ഞുനിന്ന കാരൂരിന്റെ രചനാശൈലി ഏറെ വ്യത്യസ്തമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കൊണ്ടു പൊറുതിമുട്ടുന്ന തനിക്കുചുറ്റുമുള്ള ലോകത്തെക്കുറിച്ചാണ് കാരൂര്‍ എഴുതിയത്. ജീവിതാനുഭവങ്ങളുടെ ധാരാളിത്തം കാരൂര്‍ കൃതികളുടെ അടയാളപ്പെടുത്തല്‍ എളുപ്പമാക്കി. സാധാരണ മനുഷ്യരുടെ വേദനയും നിസഹായതയും കാരൂര്‍ ജീവനുള്ള കഥകളാക്കി മാറ്റി. തുച്ഛശമ്പളക്കാരനായ കാരൂരിന് ദുരിതങ്ങളുടെ നിലവിളി കേള്‍ക്കാന്‍ എളുപ്പം കഴിയുമായിരുന്നു.
ആയിരത്തിതൊള്ളായിരത്തി നാല്‍പതു മുതല്‍ എഴുപതുവരെയുള്ള പുരോഗമന കലാസാഹിത്യ കാലഘട്ടത്തിലെ മഹാപ്രതിഭകളായ തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, കേശവ്‌ദേവ് തുടങ്ങിയ ഒട്ടേറെ മഹാപ്രതിഭകള്‍ നക്ഷത്രശോഭയോടെ ഉദിച്ചുയര്‍ന്ന ഈ കാലയളവില്‍ ലോകോത്തര നിലവാരമുള്ള പല കൃതികളും മലയാളത്തിനു ലഭിച്ചു. ദേവും തകഴിയും നോവല്‍ സാഹിത്യത്തിന്റെ വിശാലമായ കാന്‍വാസിലേക്ക് ചേക്കേറിയെങ്കിലും മലയാളകഥാസാഹിത്യം ശക്തിയോടെ വികസിച്ചു. അതിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചവരില്‍ പ്രമുഖന്‍ കാരൂര്‍ നീലകണ്ഠപിള്ളയായിരുന്നു.
പൊതിച്ചോറ്, ഉതുപ്പാന്റെ കിണര്‍, പൂവമ്പഴം, മരപ്പാവകള്‍, മോതിരം, ചുടലത്തെങ്ങ്, ഊണിന്റെ കണക്ക്, വള്ളക്കാരന്‍ സേഫ്റ്റിപിന്‍, കുട നന്നാക്കാനുണ്ടോ? അരഞ്ഞാണം, അമ്പലപ്പറമ്പില്‍ തുടങ്ങിയവ നമ്മുടെ കഥാസാഹിത്യത്തിലെ അതുല്യരചനകളാണ്. കഥാകൗതുകം എന്ന കൃതിയടക്കം 22 കഥാസമാഹാരങ്ങളും 187 ലധികം കഥകളും കാരൂര്‍ രചിച്ചിട്ടുണ്ട്. നാടകവും ബാലസാഹിത്യ കൃതികളും കാരൂരിന്റെ തൂലികയ്ക്കു വഴങ്ങുന്നതായിരുന്നു. അധ്യാപകന്‍, സാഹിത്യകാരന്‍, വൈദ്യന്‍, സംഘാടകന്‍, കൃഷിക്കാരന്‍, സമുദായ പ്രവര്‍ത്തകന്‍, അധ്യാപക മഹാസഭയുടെ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ രൂപീകരണ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാഹിത്യജീവിതം
മുപ്പത്തിനാലാം വയസില്‍ സാഹിത്യലോകത്തേക്കു കടന്നുവന്ന കാരൂരിന്റെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഭൃത്യവാത്സല്യം എന്ന പേരില്‍. പിന്നീട് പഞ്ചരത്‌നങ്ങള്‍ എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കഥയുടെ പേര് ''അന്നത്തെ കൂലി'' എന്നാക്കി മാറ്റി. കോട്ടയത്തുനിന്ന് എം.എന്‍ ദാമോദരന്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ വിശേഷാല്‍ പ്രതിയായ ചിത്തിരജയന്തിയില്‍ രണ്ടാമത്തെ കഥയായ ഓണം പ്രസിദ്ധപ്പെടുത്തി. ആദ്യകഥയായ ''ഭൃത്യവാത്സല്യം'' മൂന്നുതവണ അച്ചടിക്കപ്പെട്ടു. മാതൃഭൂമിയിലും ഒരു മലബാര്‍ മാസികയിലും പഞ്ചരത്‌നങ്ങള്‍ എന്ന പുസ്തകത്തിലും. കാരൂരിന്റെ ആദ്യരചനയ്ക്കു തന്നെ കിട്ടിയ ഒരപൂര്‍വ ബഹുമതിയാണിത്.
പ്രധാന കൃതികള്‍
കഥാസമാഹാരങ്ങള്‍: കാരൂര്‍ കഥകള്‍, മേല്‍വിലാസം, കൊച്ചനുജത്തി, സ്മാരകം, ഇരുട്ടില്‍, തൂപ്പുകാരന്‍, അസ്‌ട്രോളജര്‍, ഗൃഹനായിക, പൂവമ്പഴം, മീന്‍കാരി, തേക്കുപാട്ട്, ഇരുട്ടില്‍, കഥയല്ല, ഒരുപിടി മണ്ണ്, കരയിക്കുന്ന ചിരി, അമ്പലപ്പറമ്പില്‍ പിശാചിന്റെ കുപ്പായം, മരപ്പാവകള്‍, പത്തുകഥകള്‍, മോതിരം ഈ സഹായത്തില്‍ ചരടുണ്ട്, രഹസ്യം, വാധ്യാര്‍ കഥകള്‍.
നോവല്‍: ഗൗരി, ഹരി, പഞ്ഞിയും തുണിയും. നാടകം: അപ്പൂപ്പന്‍. ബാലസാഹിത്യ കൃതികള്‍: കാരൂരിന്റെ ബാലകഥകള്‍, ആനക്കാരന്‍, അഞ്ചുകടലാസ്, അഴകനും പൂവാലിയും, എന്നെ രാജാവാക്കണം, ബാലചന്ദ്രന്‍, രാജകുമാരിയും ഭൂതവും, സമ്മാനം, ഓലയും നാരായവും, ഭൃത്യന്‍, മണ്‍മയില്‍.
1959-ല്‍ ആനക്കാരന്‍ എന്ന ബാലസാഹിത്യ കൃതിക്കും, 1968-ല്‍ മോതിരം എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അഞ്ചുകടലാസ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്. ബാലസാഹിത്യത്തിന് ഇന്ത്യ സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കാരൂരും അധ്യാപക
കഥകളും
കാരൂരിന്റെ അധ്യാപക കഥകള്‍ ഒരു കാലത്ത് അധ്യാപകര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. ഒരു പ്രൈമറി അധ്യാപകന്റെ തീഷ്ണമായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാരൂര്‍, 1946-ല്‍ രചിക്കപ്പെട്ട പൊതിച്ചോറാണ് ആദ്യ അധ്യാപക കഥ - വിശപ്പ് സഹിക്കാനാവാതെ ഒരു വിദ്യാര്‍ഥിയുടെ പൊതിച്ചോറ് മോഷ്ടിക്കുന്ന അധ്യാപകന്റെ ദയനീയാവസ്ഥ നമ്മെ വേദനിപ്പിക്കും. അന്നത്തെ അധ്യാപകന്റെ ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ജീവിതത്തെ വരച്ചുകാട്ടുന്നതോടൊപ്പം സമൂഹ മനസാക്ഷിയെ പൊള്ളിക്കുകയും ചെയ്യുന്നു ഈ കഥ. കാല്‍ചക്രം, ഊണിന്റെ കണക്ക്, പെന്‍ഷന്‍, അത്ഭുത മനുഷ്യന്‍, കുടുംബ ബഡ്ജറ്റ്, സര്‍വന്ദനം, ഒരു രാത്രി, മലപ്പടക്കം, ഉത്തരക്കടലാസ്, ഒന്നാം വാധ്യാര്‍ കഥ പറച്ചില്‍, സാറിനും പട്ടിക്കും, കഴുതയാട് എന്നിവയാണ് കാരൂരിന്റെ അധ്യാപക കഥകള്‍. കാല്‍ചക്രം തിരിച്ചുകിട്ടാനായി കഷ്ടപ്പെടുന്ന രാമന്‍പിള്ള സാറിനെയും അത്ഭുത മനുഷ്യനുപകരം നിന്ന് പണം വാങ്ങുന്ന നാണുപിള്ള സാറിനെയും വായനക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല. ദീര്‍ഘകാലം അധ്യാപന രംഗത്തുണ്ടായിരുന്നതുകൊണ്ടാകാം കാരൂരിന്റെ അധ്യാപന കഥ അനുഭവ തീഷ്ണങ്ങളായത്.
''വാധ്യാര്‍ കഥകള്‍ ഞാന്‍ മന:പൂര്‍വം എഴുതിയതാണ്. അധ്യാപകന്റെ ദാരിദ്ര്യത്തിലേക്കും ദു:ഖത്തിലേക്കും സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്റെ ഉദ്ദേശ്യം. അത്രയും ക്ലേശനിര്‍ഭരമായിരുന്നു അധ്യാപക ജീവിതം. ആ ഘട്ടത്തില്‍ അതുകൊണ്ട് ആ ദു:ഖങ്ങള്‍ എല്ലാം വേദനകളോടുകൂടി ഞാന്‍ പകര്‍ത്തി'', എന്ന് കാരൂര്‍ അധ്യാപക കഥകളുടെ രചനാ പശ്ചാത്തലം വ്യക്തമാക്കുന്നു. മണിയോര്‍ഡര്‍ പണം അപഹരിക്കുന്ന പോസ്റ്റുമാന്‍, മകളെ വ്യഭിചാരത്തിനയക്കുന്ന അമ്മ തുടങ്ങി നിവര്‍ത്തികേടുകൊണ്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന കഥാപാത്രങ്ങളെ സമര്‍ഥമായി അവതരിപ്പിക്കാന്‍ കാരൂരിനു കഴിഞ്ഞിട്ടുണ്ട്.
ഉതുപ്പാന്റെ കഥ
സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഉതുപ്പാന്‍ എന്ന കഥാപാത്രത്തിന്റെ ദുരന്തമാണ് കാരൂരിന്റെ ഉതുപ്പാന്റെ കിണര്‍ എന്ന കഥയുടെ ഇതിവൃത്തം. കാരൂരിന്റെ ഏറ്റവും മികച്ച രചനകളിലൊന്നാണിത്. നഗരത്തിന്റെ മൂലയിലുള്ള ഒരു തുണ്ടുഭൂമിയില്‍ ഉതുപ്പാന്‍ ഒരു കിണര്‍ കുഴിച്ചു. ഏറെ കഷ്ടപ്പെട്ട് താന്‍ പണിതീര്‍ത്ത കിണറിലെ ചിറ്റോളം ഉതുപ്പാന്റെ ഹൃദയത്തില്‍ ആഹ്ലാദത്തിരകളുണര്‍ത്തി. ഒരു ജന്മം മുഴുവന്‍ കിണറിനുവേണ്ടി അധ്വാനിച്ച ഉതുപ്പാനെ സമൂഹം പരിഹസിച്ചു. എന്നാല്‍ താന്‍ നേടിയ അക്ഷയമായ സമ്പാദ്യത്തില്‍ ഉതുപ്പാന്‍ ഏറെ സന്തോഷിച്ചു. നഗരവത്കരണം നാടിനെ ആകെ വിഴുങ്ങിയപ്പോള്‍ ഉതുപ്പാന്റെ കിണര്‍ നാട്ടുകാര്‍ക്കൊരു ഭാരമായി. കുഴല്‍വെള്ളം കിട്ടിയപ്പോള്‍ നന്ദികെട്ട ലോകം ഉതുപ്പാന്റെ പ്രയത്‌നത്തെ അവഗണിക്കുകയും അയാളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഉതുപ്പാന്‍ അധികാരികളെ സമീപിച്ചെങ്കിലും ആരും അയാളുടെ അപേക്ഷ ചെവിക്കൊണ്ടില്ല. നന്മയില്ലാത്ത ലോകത്ത് ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്നു മനസിലാക്കിയ ഉതുപ്പാന്‍ ആ കിണറ്റില്‍ ജീവനൊടുക്കി. പ്രമേയത്തിന്റെ വൈവിധ്യം കൊണ്ട് ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട കഥകളിലൊന്നാണ് ഉതുപ്പാന്റെ കിണര്‍. ''ധാര്‍മിക ജീവിതത്തിന്റെ ട്രാജഡി'', എന്നാണ് മഹാകവി ജി.ശങ്കരക്കുറുപ്പ് ഈ കഥയെ വിശേഷിപ്പിച്ചത്.
അനുഭവ തീഷ്ണത, മിതത്വം, വേദനകള്‍ക്കിടയിലും തെളിയുന്ന നര്‍മരസം ഇവയൊക്കെ കാരൂരിന്റെ കൃതികളുടെ പ്രധാന സവിശേഷതകളാണ്. മണ്ണില്‍ വേരൂന്നിയ കഥകള്‍ എന്ന വിശേഷണം കാരൂര്‍ കഥകള്‍ക്ക് തികച്ചും യോജിച്ചതാണ്. കാരൂര്‍ കഥ എഴുതുകയല്ല പറയുകയാണ് ചെയ്യുന്നതെന്നായിരുന്നു നിരൂപക മതം. ഭാവനാശാലിയാണെങ്കിലും അദ്ദേഹം ഒരിക്കലും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നുപോയില്ല. അനുഭവങ്ങളുടെ കരുത്താണ് കാരൂരിന്റെ കഥകളെ കനമുള്ളതാക്കിത്തീര്‍ത്തത്. ജീവിതത്തിന്റെ കടലല്ല, കലങ്ങിയ കടലാണ് ഇദ്ദേഹത്തിന്റെ രചനയുടെ മഷിപ്പാത്രം. സാധാരണക്കാരന്റെ ജീവിതം വരച്ചുകാട്ടുമ്പോഴും സാധാരണക്കാരെ കഥാപാത്രമാക്കുമ്പോഴും അവരിലെ അസാധാരണമായ സവിശേഷതകളെ കണ്ടെത്തി ആവിഷ്‌കരിക്കുകയാണ് കാരൂര്‍ ചെയ്തത്. സംഭവങ്ങളെക്കാള്‍ കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. പൂവമ്പഴത്തിലെ അന്തര്‍ജനവും മരപ്പാവകളിലെ നളിനിയുമൊക്കെ കാരൂരിന്റെ മികവുറ്റ കഥാപാത്രങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
മാനുഷിക മൂല്യങ്ങള്‍ തകരുമ്പോള്‍ മനുഷ്യന് വിലയില്ലാതാവുന്നു. ഇല്ലാത്തവന് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. ദുരിതങ്ങള്‍ മനുഷ്യനെ ക്രൂരതയിലേക്കും കൊള്ളരുതായ്മയിലേക്കും നയിക്കുന്നു - ഇവ സൂചിപ്പിക്കുന്ന കുറെ കഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഭാവങ്ങള്‍ തന്റെ കഥകളില്‍ അവിഷ്‌കരിച്ച കാരൂര്‍ ഒരു പ്രത്യയ ശാസ്ത്രത്തോടും ചായ്‌വ് കാണിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഥകളില്‍ പുരോഗമനാശയങ്ങള്‍ കാണാന്‍ കഴിയുമെന്നതില്‍ സംശയമില്ല. കാരൂരിന്റെ പല കഥകളും ധ്വനിപ്രധാനമാണ്. പ്രധാന കഥാംശത്തെ ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കി നിര്‍ത്തുന്ന അദ്ദേഹത്തിന്റെ രീതി, സാഹിത്യ വിമര്‍ശകന്‍മാര്‍ ഏറെ പ്രശംസിച്ചിട്ടുണ്ട്. കഥ പറച്ചിലിലും വികാരാവിഷ്‌കരണത്തിലും മികത്വം പാലിച്ചു. വാക്കുകള്‍ പരിമിതമായിരിക്കണം, ഒരു വാക്കുപോലും അധികം പ്രയോഗിക്കരുത് എന്നൊക്കെ നിഷ്‌കര്‍ഷിച്ച കഥാകൃത്താണ് കാരൂര്‍. ശക്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു.
ജീവിതരേഖ
1898 ഫെബ്രുവരി 22 ന് ഏറ്റുമാനൂരിനടുത്ത് കാരൂര്‍ തറവാട്ടിലാണ് ജനനം. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1933-ല്‍ ശമ്പളവര്‍ധനയ്ക്കായി അധ്യാപകര്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. 1932-ല്‍ ഭൃത്യവാത്സല്യം എന്ന ആദ്യകഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപിത സെക്രട്ടറിയായി. എഴുത്തുകാരന് പ്രതിഫലം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യകാര സംഘടനയായി വളര്‍ത്തിയെടുക്കുകയും ചെയ്തു. കാവാലത്ത് കിഴക്കേ മഠത്തില്‍ ഭവാനി അമ്മയായിരുന്നു കാരൂരിന്റെ സഹധര്‍മ്മിണി. 1975 സെപ്റ്റംബര്‍ 30 ന്, 77-ാം വയസില്‍ അന്തരിക്കുന്നതുവരെ സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."