'370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയാൽ യുവതിയെ ലൈംഗികമായി സമീപിക്കാം': വിവാദ പരാമർശവുമായി ഐടി ജീവനക്കാരൻ; ജോലിയിൽ നിന്നും പുറത്താക്കി
ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമർശം നടത്തിയ 23 കാരനായ ഐടി ജീവനക്കാരന് ജോലി നഷ്ടമായി. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സ്റ്റാർവിക് ഡിസൈൻ' എന്ന സ്ഥാപനത്തിലെ വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്രയെയാണ് കമ്പനി പിരിച്ചുവിട്ടത്. ഒരു പെൺകുട്ടിയുമായി നടത്തിയ ഡേറ്റിങ്ങിനെക്കുറിച്ച് ഹിമാൻഷു നടത്തിയ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വൻ ജനരോഷത്തിന് കാരണമായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ അടിയന്തര നടപടി.
വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെ:
പ്രമുഖ സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. കാണികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹിമാൻഷുവിനോട് കൊമേഡിയൻ സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമർശമുണ്ടായത്.
"ഒരു യുവതിയുമൊത്ത് ഡേറ്റിങ്ങിന് പോയപ്പോൾ ഞാൻ 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകി. പണം ചിലവാക്കിയ സ്ഥിതിക്ക് അതിന് പകരമായി എന്തെങ്കിലും തിരിച്ചു കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു. ആ തുക എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന ചിന്തയിലാണ് യുവതിക്ക് ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും അവരെ ലൈംഗികമായി സമീപിച്ചത് എന്നായിരുന്നു ഹിമാൻഷു ഷോയിൽ പറഞ്ഞത്. യുവതിക്ക് നേരെയുണ്ടായ ഈ അതിക്രമം ഹിമാൻഷു വിഡിയോയിൽ വിവരിക്കുമ്പോൾ, കൊമേഡിയൻ ഉൾപ്പെടെ ഹാളിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ചിരിയോടെയാണ് ഇതിനെ നേരിട്ടത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.
ഇതൊരു തമാശയല്ലെന്നും ഗുരുതരമായ ലൈംഗികാതിക്രമമാണെന്നും ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. ഡേറ്റിങ്ങിന് പണം ചെലവാക്കുന്നത് സ്ത്രീകളുടെ മേൽ അതിക്രമം നടത്താനുള്ള ലൈസൻസല്ലെന്ന് നെറ്റിസൺസ് തുറന്നടിച്ചു. പ്രതിഷേധം കനത്തതോടെ #BiryaniIsNotConsent എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാവുകയും ചെയ്തു.
മാപ്പുപറഞ്ഞ് കൊമേഡിയനും ടെക്കിയും
സംഭവം കൈവിട്ടുപോയതോടെ കൊമേഡിയൻ പ്രണിത് മോറും ഹിമാൻഷുവും പരസ്യമായി ക്ഷമാപണം നടത്തി. ഹിമാൻഷുവിന്റെ ക്രൂരമായ പരാമർശം കേട്ട് തത്സമയം ചിരിച്ചു തള്ളിയതിന് പ്രണിത് മോറെ ഖേദം പ്രകടിപ്പിച്ചു. ആ സമയത്ത് അതിനെ ചോദ്യം ചെയ്യാതിരുന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് അദ്ദേഹം സമ്മതിച്ചു. വിവാദത്തിന് പിന്നാലെ ഹിമാൻഷു ജാംഗ്ര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.
'ഓഫീസിന് പുറത്തെ പെരുമാറ്റവും പ്രധാനം'; കമ്പനി നിലപാട്
അതേസമയം, ഹിമാൻഷുവിനെ ജോലിയിൽ നിന്ന് നീക്കിയതായി സ്റ്റാർവിക് ഡിസൈൻ സ്ഥാപകൻ വിവേക് വിശ്വകർമ്മ ഔദ്യോഗികമായി അറിയിച്ചു. ഓഫീസിനുള്ളിൽ ഹിമാൻഷു പ്രൊഫഷണലായാണ് പെരുമാറിയിരുന്നതെങ്കിലും, പുറത്തെ ഇത്തരം പ്രവണതകൾ സ്ഥാപനത്തിന്റെ പ്രതിച്ഛായയെയും തൊഴിൽ സംസ്കാരത്തെയും ബാധിക്കുമെന്നതിനാലാണ് പിരിച്ചുവിടൽ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഇതൊരു തിരുത്തൽ അവസരമായി മാറുമെന്ന് പ്രത്യാശിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു.
An IT employee was fired from his job following a massive social media backlash (locally known as 'pongala') after he posted a comment justifying sexual assault. He claimed that a woman could be sexually exploited simply by buying her a biryani worth 370 rupees. This sparked widespread outrage online, leading to his termination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."