ഡിഫ്ത്തീരിയ സ്ഥിരീകരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
ചുള്ളിയോട്: നെന്മേനി പഞ്ചായത്തില്‍ ഡിഫിത്തീരിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഊര്‍ജിതമാക്കി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തിലെ പത്തു വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നത്.
ഇതോടെയാണ് പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ചുള്ളിയോട് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി ഗീത, ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാവര്‍ക്കര്‍മാരും പ്രദേശത്തെ 150 ഓളം വീടുകള്‍ സന്ദര്‍ശിച്ചു.
തൊണ്ട വേദനയോ അനുബന്ധ അസുഖങ്ങളോ ഉള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ്, ബോധവല്‍കരണം എന്നിവ സംഘടിപ്പിച്ചിരുന്നു. സംശയമുള്ളവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്.
ബോധവല്‍കരണത്തിന്റെ ഭാഗമായി ഇന്ന് ആനപ്പാറ ഹൈസ്‌കൂളില്‍ പി.ടി.എ യോഗം വിളിക്കാനും ഡിഫിത്തീരിയ സംബന്ധിച്ച് ക്ലാസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.ജിതേഷ് ക്ലാസിന് നേതൃത്വം നല്‍കും. തൊണ്ടവേദനയോ, തൊണ്ടക്ക് അസ്വസ്ഥതയോ ഉള്ളവര്‍ ഉടനെ ആശുപത്രിയിലെത്തി ഡിഫ്ത്തീരിയ ലക്ഷണമാണോ എന്ന് പരിശോധിണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാ ദേവി അറിയിച്ചു.
രോഗ സംശയമോ സ്ഥിരീകരണമോ ഉണ്ടായാല്‍ ആ വിടിന്റെ ചുറ്റുമുളള 100 വീടുകള്‍ സര്‍വേ നടത്തി അവിടെ ആര്‍ക്കെങ്കിലും തൊണ്ടക്ക് അസുഖമുണ്ടെങ്കില്‍ പരിശോധനക്ക് വിധേയരാക്കുകയും ആവശ്യമെങ്കില്‍ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്നും ഡി.എം.ഒ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."