കോളജ് അനധ്യാപകര്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നു
01-09-2019 ഞായറാഴ്ച എയ്ഡഡ് കോളജ് സ്റ്റാഫ് പാറ്റേണ്‍ അനോമലി റെക്ടിഫിക്കേഷന്‍ എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനോട് കേരളത്തിലെ എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്തുകൊണ്ട് പ്രതിഷേധിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും സര്‍വിസ് സംഘടനാ പ്രതിനിധികളുടെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ എയ്ഡഡ് കോളജുകളുടെ കാര്യക്ഷമമായ ഭരണനിര്‍വഹണത്തിനായി മന്ത്രിസഭ പാസാക്കിയ 29-02-2016 തിയതിയിലെ ഉത്തരവിലൂടെ അനുവദിക്കപ്പെട്ട പല തസ്തികകളും ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകളും ഇല്ലാതാക്കി ഇടതുപക്ഷ സര്‍ക്കാര്‍ ഈ മേഖലയിലെ സേവന ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും വഞ്ചിച്ച് സംതൃപ്തമായ സിവില്‍ സര്‍വിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. കോളജുകളില്‍ അനധ്യാപകരുടെ കുറവ് മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നത് എപ്പോഴും വിദ്യാര്‍ഥികളാണ്. സെമസ്റ്റര്‍ സിസ്റ്റം നിലവില്‍ വന്നശേഷം പരീക്ഷകളുടെ എണ്ണം ഇരട്ടിയാവുകയും അനധ്യാപകരുടെ ജോലിഭാരം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനധ്യാപകരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്.
2016ല്‍ ഇറങ്ങിയ ഉത്തരവിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി അനോമലികള്‍ പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാരിലേക്ക് എല്ലാ സംഘടനകളും നിവേദനങ്ങള്‍ സമര്‍പ്പിച്ചപ്പോഴാണ് ഉള്ള തസ്തികകള്‍ തന്നെ വെട്ടിക്കുറച്ചുള്ള പുതിയ ഉത്തരവിറങ്ങുന്നത്. കോഴ്‌സുകളുടെ എണ്ണം നോക്കാതെ സര്‍ക്കാര്‍ കോളജുകള്‍ക്ക് സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിച്ചു കൊടുക്കുമ്പോഴാണ് എയ്ഡഡ് മേഖലകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട് ലഭിക്കാന്‍ ആറ് കോഴ്‌സുകളും 500 വിദ്യാര്‍ഥികളും വേണമെന്ന നിബന്ധന.
എയ്ഡഡ് കോളജുകളില്‍ ഗവണ്‍മെന്റ് കോളജിനേക്കാള്‍ ജോലിഭാരം ഉണ്ടെന്ന് അറിയാത്ത ആളല്ല ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി. കേരളത്തിലെ ഇരുപത്തിയഞ്ചും അതില്‍ കൂടുതലും കോഴ്‌സുകളുള്ള കോളജ് ലൈബ്രറികള്‍ക്ക് രണ്ടു ലൈബ്രറി അസിസ്റ്റന്റ് തസ്തികകള്‍ എന്നുള്ള 2016ലെ ഉത്തരവിലുള്ള ചില അപാകതകള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അഞ്ചില്‍ താഴെ കോഴ്‌സുകളുള്ള കോളജുകള്‍ക്ക് ഒരു ലൈബ്രറി അസിസ്റ്റന്റ് തസ്തിക ഇല്ലാതെയാക്കിയുള്ള ഈ പുതിയ ഉത്തരവ്. എ, ബി, സി, ഡി എന്നീ നാല് ഗ്രേഡുകളിലായിരുന്നു 2006ലെ ഉത്തരവ് പ്രകാരം കോളജുകളെ തരംതിരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 'ഇ' ഗ്രേഡ് പുനഃസ്ഥാപിച്ച് അഞ്ചാക്കി ഉയര്‍ത്തുകയും ഇ ഗ്രേഡില്‍ സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.
17-09-2004 തിയതിയിലെ ഉത്തരവ് പ്രകാരം അഞ്ച് കോഴ്‌സുകളുള്ള കോളജുകളും ട്രെയിനിങ് കോളജുകളും 'ഡി' ഗ്രേഡിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 01-09-2019 തിയതിയിലെ ഉത്തരവിലൂടെ അഞ്ച് കോഴ്‌സുകളുള്ള കോളജുകളെയും ട്രെയ്‌നിങ് കോളജുകളെയും 'ഇ' ഗ്രേഡ് പുനഃസ്ഥാപിച്ച് തരംതാഴ്ത്തുകയും 17-09-2004 തിയതിയിലെ ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ടതും 29-02-2016 തിയതിയിലെ ഉത്തരവ് പ്രകാരം നിലനിര്‍ത്തിയതുമായ ട്രെയിനിങ് കോളജുകളിലെ ആറ് തസ്തികകള്‍ ഇല്ലാതാക്കുകയും ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തിക കംപ്യൂട്ടര്‍ സയന്‍സ് മെയിന്‍ ഉള്ള കോളജുകള്‍ക്കും സ്റ്റോര്‍ കീപ്പര്‍ തസ്തിക ഫിസിക്‌സ്, കെമിസ്ട്രി മെയിന്‍ ഉള്ള കോളജുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. 'ഡി' ഗ്രേഡ് മുതലുള്ള എല്ലാ കോളജുകള്‍ക്കും അനുവദിച്ചിട്ടുള്ള സ്റ്റോര്‍ കീപ്പര്‍ തസ്തികയും കംപ്യൂട്ടര്‍ സയന്‍സ് മെയിനോ സബ്‌സിഡറിയോ ഉള്ള കോളജുകള്‍ക്ക് അനുവദിച്ചിരുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയും എടുത്തു കളഞ്ഞു. ഡി ഗ്രേഡില്‍ ഉള്‍പ്പെട്ട കോളജുകള്‍ക്ക് അനുവദിച്ച ആറ് തസ്തികകള്‍ ഇല്ലാതാക്കി. എ.ബി.സി ഗ്രേഡുകളില്‍ വരുന്ന കോളജുകളിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികകള്‍ വിദ്യാര്‍ഥികളുടെയും കോഴ്‌സുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണമെന്ന പ്രധാന ആവശ്യവും മുഖവിലക്കെടുത്തില്ല. ഡി ഗ്രേഡില്‍ ഉള്‍പ്പെടുത്തപ്പെട്ട കോളജുകളെ ഇ ഗ്രേഡ് പുനഃസ്ഥാപിച്ച് തരംതാഴ്ത്തിയതിനാല്‍ വര്‍ഷങ്ങളായി ക്ലറിക്കല്‍ തസ്തികയില്‍ സേവനം തുടരുന്ന ജീവനക്കാരുടെ പ്രൊമോഷന്‍ തസ്തികകളായ ഹെഡ് അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരരംഗത്തുള്ളത്. സര്‍ക്കാര്‍ ഈ ഉത്തരവ് പുനഃപരിശോധിക്കാന്‍ തയാറായില്ലെങ്കില്‍ എയ്ഡഡ് കോളജുകള്‍ അടച്ചിട്ട് സമരത്തിനിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."