തിരുച്ചിറപ്പള്ളി ജ്വല്ലറിയില്‍ അന്‍പതു കോടിയുടെ സ്വര്‍ണകവര്‍ച്ച: അഞ്ചു ജാര്‍ഖണ്ഡ് സ്വദേശികള്‍ കസ്റ്റഡിയില്‍
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 കോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ വെച്ചാണ് പൊലിസ് ഇവരെ പിടികൂടിയത്. കവര്‍ച്ചക്ക് കൂടുതല്‍പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസിന്റെ സംശയം. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ രണ്ടുപേര്‍ മൃഗങ്ങളുടെ മുഖംമൂടിയാണ് ധരിച്ചത്. അതിനാല്‍ ഇവരെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.10 നും 3.15നും ഇടയ്ക്കാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന.
രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ഒന്നാം നിലയില്‍ നിന്ന് മാത്രം 36 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ നിലയിലെ ഷോക്കേസുകളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ വജ്രാഭരണങ്ങളും നഷ്ടമായിരുന്നു.
ജ്വല്ലറിയുടെ പിറകുവശത്തെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. പിറകുവശത്തെ ചുമരും സമീപത്തെ സ്‌കൂളിന്റെ ചുമരും ഒന്നുതന്നെയാണ്. കഴിഞ്ഞദിവസം സ്‌കൂള്‍ അവധിയായിരുന്നു. സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരുന്നു. അവധിദിവസം അവസരമായെടുത്താണ് സ്‌കൂളില്‍ നിന്ന് കവര്‍ച്ചക്കാര്‍ ചുമര്‍ തുരന്നത്. ഈ സമയമത്രയും സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ജ്വല്ലറിയുടെ പിറകുവശം അവര്‍ ശ്രദ്ധിച്ചതുമില്ല.
ജനത്തിരക്കേറിയ മേഖലയിലെ വന്‍കവര്‍ച്ച നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 17ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്നിരുന്നു. തമിഴ്നാട് മധ്യമേഖല ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."