ലീഗ് നേതാവിനെ നഗരമധ്യത്തിലൂടെ തുണിയില്ലാതെ നടത്തിച്ച സംഭവം: എസ്.ഐയെ സ്ഥലം മാറ്റി
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ തുണിയില്ലാതെ നഗരമധ്യത്തിലൂടെ നടത്തിയ സംഭവത്തില്‍ പാണ്ടോട് എസ്.ഐ നിയാസിനെ സ്ഥലം മാറ്റി.
തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് ചെക്ക് കേസില്‍ പ്രതിയായ ലീഗ് നേതാവിനെ പകല്‍ സമയത്ത് പൊലീസ് അര്‍ധനഗ്നനാക്കി നടത്തിച്ചത്. തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലറായ ഷിബുവിനെയാണ് പാങ്ങോട് എസ്.ഐ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്ത് അര്‍ധനഗ്നനായി കൊണ്ടുപോയത്. സംഭവം വിവാദമായതോടെ പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
നേരത്തെ വിവാഹ നിശ്ചയത്തിനു പോയ വാഹനം ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവിനെ സംഭവ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവത്തിലും വിവാദത്തില്‍പ്പെട്ടയാളാണു ഈ എസ്.ഐ.
കല്ലറയിലെ പിതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചക്കു 12 മണിക്കാണ് ശിബുവിനെ പൊലിസ് അറസറ്റു ചെയ്തത്. വീട്ടില്‍ നിന്നും 400 മീറ്റര്‍ ദൂരം നിക്കര്‍ മാത്രം ധരിപ്പിച്ചാണ് നടത്തിച്ചത്. കല്ല്യാണം നടക്കുന്ന മണ്ഡപത്തിന്റെ മുന്നിലൂടെയാണ് ഇദ്ദേഹത്തെ വിവസ്ത്രനായി പൊലീസ് കൊണ്ടുപോയത്.
രാവിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു കൊണ്ടുപോയ ശേഷം വൈകീട്ടു മൂന്നു മണിവരെ ഇദ്ദേഹത്തെ തുണിയില്ലാതെയാണ് ലോക്കപ്പില്‍ നിര്‍ത്തിയത്. അഞ്ചു മണിക്കു പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. മജിസ്ട്രേറ്റ് അപ്പോള്‍ തന്നെ ഇദ്ദേഹത്തെ വിടുകയും അടുത്ത ദിവസം ജാമ്യം എടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സമന്‍സ് പോലും നല്‍കാതെയാണ് ശിബുവിനെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്. നേരത്തെ ഇടുക്കിയില്‍ നടന്ന ഒരു കൊലപാതകത്തില്‍ ഷിബുവിനെ പ്രതിയാക്കി ചേര്‍ത്തിയിരുന്നെങ്കിലും ഹൈക്കോടതി ആ എഫ്.ഐ.ആര് റദ്ദു ചെയ്യുകയായിരുന്നു. ഒരു ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയ ഈ എസ്.ഐ ക്കെതിരേ നേരത്തെ ഷിബു പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."