സി.എം അബ്ദുല്ല മൗലവി വധം: രാപകല്‍ സമരം ഇന്ന് തുടങ്ങും
സമാപനം ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9 മുതല്‍ നാളെ രാവിലെ 9 വരെ രാപകല്‍ സമരം നടക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് നഗരത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് രാപകല്‍ സമരം നടക്കുന്നത്.
ഇന്ന് കാലത്ത് 9ന് മുന്‍മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി രാപകല്‍ സമരം ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങ് നാളെ രാവിലെ 9ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, മുശാവറ അംഗങ്ങളായ ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങി മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
2010 ഫെബ്രുവരി 15 നാണു അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മൂന്നു വര്‍ഷം മുന്‍പ് അനിശ്ചിത കാല സമരം നടത്തിയിരുന്നെങ്കിലും 84 ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ വകുപ്പ് മന്ത്രിയെ ഇടപെടുവിച്ചു സമരം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
കേസന്വേഷണം സി.ബി.ഐയുടെ ഉന്നത സംഘത്തെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും പ്രഹസനമാക്കിയ കേസന്വേഷണം സി.ബി.ഐയും തുടരുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി.എ മുഹമ്മദ് ഷാഫി,ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി, യൂസുഫ് ഉദുമ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."