കുറുക്കുവഴികളില്ല; അറിവ് നേടാന്‍ വായിക്കുക തന്നെ വേണം
കൊല്ലം: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും സമ്പൂര്‍ണ സാക്ഷരതയുടെ ശില്‍പിയും സൗഹൃദ ഗ്രാമത്തിന്റെ ഉപജ്ഞാതാവുമായ പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികദിനമായിരുന്നു ഇന്നലെ. ഇതോടനുബന്ധിച്ച് ഇനിയൊരാഴ്ച വായനാദിനമായി ആചരിക്കുകയാണ്. 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാവാരമായി വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു. പി.എന്‍ പണിക്കരുടെ 'വായിച്ചു വളരുക' എന്ന സന്ദേശം കുട്ടികളില്‍ ഹൃദ്യസ്ഥമാക്കുന്നതിനായി സ്‌കൂള്‍ അസംബ്ലികളില്‍ ഏതെങ്കിലും വിശിഷ്ട പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്തും വരുന്നു.
ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്നത് വായനയാണ്. അനന്തമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം നിര്‍ണയിക്കുന്നത് പുസ്തക വായനയാണ്. കാലത്തിന്റെ മഹാപ്രവാഹത്തെക്കുറിച്ച് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിരില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് വായന മനുഷ്യനെ കൂട്ടിക്കൊണ്ടുപോകും. അറിവും ആനന്ദവും മാത്രമല്ല, വായന നമ്മെ വിശ്വപൗരന്മാരാക്കും. വിജയങ്ങള്‍ക്ക് പിന്നില്‍ പുസ്തങ്ങളാണ്. വായനയുടെ ലോകത്തേക്ക് പുത്തന്‍ തലമുറയെ കൈപിടിച്ചുയര്‍ത്താന്‍ വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും കഴിയേണ്ടിയിരിക്കുന്നു. വായന കുറഞ്ഞതിന് ടി.വിയെയും കമ്പ്യൂട്ടറിനെയുമൊക്കെ കുറ്റംപറയുന്നവരുണ്ട്.
സ്ഥിരമായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്കായി ഇ വായനയും ഇപ്പോഴുണ്ട്. മാറുന്ന കാലത്തിനുസരിച്ച് പുരോഗമിക്കാന്‍ ആരെങ്കിലും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തിയേ തീരൂ. വായന മരിക്കുന്നുവെന്നും പുസ്തകങ്ങള്‍ക്ക് പ്രധാന്യമില്ലാതായിരിക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായിട്ടുണ്ട്. പുതുയുഗത്തില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവയുടെ ആധിക്യം വായനയെ കൊല്ലുന്നുവെന്ന പ്രചാരണത്തിനിടയിലും പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചുവിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.
ജില്ലയിലലെ വിദ്യാലയങ്ങളിലും കുഞ്ഞുങ്ങള്‍ പുസ്തകമെടുത്ത് വായിച്ചു പി.എന്‍ പണിക്കരുടെ സ്മരണ പുതുക്കുകയാണ്. വിശ്രമമില്ലാത്ത ഒരായുസ് കേരളത്തിന് സമര്‍പ്പിച്ച പി.എന്‍ പണിക്കര്‍ എന്ന അറിവിന്റെ കൈത്തിരിവാഹകനെ അക്ഷരത്തെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ എന്നും ആദരവോടെ സ്മരിക്കും. അറിവ് നേടാന്‍ വായിക്കുകതന്നെ വേണം. അതിലേക്കെത്താന്‍ കുറുക്കു വഴികളില്ല. 'വായിക്കുക, വായിച്ചു വളരുക.'...വായനാവാരത്തിന്റെ സന്ദേശവും അതുതന്നെയാണ്.
കേരളത്തിലെ നിരക്ഷരഗ്രാമങ്ങളില്‍ അക്ഷര സംസ്‌ക്കാരത്തിന്റെ നിറദീപവുമായി സാക്ഷര കേരളമെന്ന സന്ദേശത്തിന്റെ വേരോട്ടത്തിന് സാരഥ്യമേകിയ വ്യക്തിയായിരുന്നു പി.എന്‍ പണിക്കര്‍. 'വായിച്ചു വളരുക, എഴുത്ത് പഠിച്ച് കരുത്തുനേടുക' എന്ന സന്ദേശവുമായി കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഗ്രാമീണ കേരളത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പ്രസരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് അനശ്വരമാണ്. ചരിത്രത്തിന്റെ ഒരു നിയോഗമെന്നോണം അക്ഷരദീപവുമായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പി നാരായണപ്പണിക്കര്‍ക്ക് വയസ് കേവലം പത്തൊമ്പതായിരുന്നു.
മലയാള അധ്യാപകനായി ജീവിതമാരംഭിച്ച ഈ യുവാവിന് അക്ഷരങ്ങള്‍ ജീവന് തുല്യമായിരുന്നു. തന്റെ ജന്മനാടായ ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ 'സനാതന ധര്‍മ്മ' എന്ന പേരില്‍ വായനശാല രൂപീകരിച്ചുകൊണ്ടായിരുന്നു തുടക്കം.
1945ല്‍ അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന് രൂപംകൊടുത്തു. അണുബോംബിനേക്കാളും എത്രയോ വലുതാണ് അക്ഷരം എന്നദ്ദേഹം കണ്ടറിഞ്ഞു. നിരക്ഷരരായ ജനങ്ങളെ അക്ഷരമാവുന്ന ആയുധമെടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം നല്‍കിയ അക്ഷര വെളിച്ചം പതിനായിരങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."