നരനായാട്ട് നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ കൈയാളുകള്‍: യു.ഡി.എഫ്
കൊച്ചി: നരനായാട്ട് നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ കൈയാളുകളെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്്‌നാന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കസ്റ്റഡി മരണം വര്‍ധിച്ചു.
വരാപ്പുഴയില്‍ പൊലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ മുഖം മനസില്‍നിന്ന് മായുന്നതിന് മുന്‍പാണ് സനലിനെ ഡിവൈ.എസ്.പി കൊലപ്പെടുത്തിയത്. കേരളത്തില്‍ പൊലിസ് നരനായാട്ട് നടത്തുകയാണ്. ഡിവൈ.എസ്.പി ഹരികുമാറിനെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതാണ്.
2017ലും 2018ലുമായി മൂന്നു തവണയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും മോശമായ വ്യക്തിയെ ഡിവൈ.എസ്.പിയായി നിയമിച്ചത് ഇടത് സര്‍ക്കാരാണ്. കസ്റ്റഡി മരണങ്ങള്‍ വര്‍ധിച്ചിട്ടും കര്‍ശന നടപടിയെടുക്കാത്തതാണ് ക്രിമിനല്‍ സ്വഭാവമുള്ള ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തെറ്റുകള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നത്.
ഹരികുമാറിന് സംരക്ഷണം ഒരുക്കുന്നത് സര്‍ക്കാരാണ്. ആരുടെയോ കര്‍ശന നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരമായി പരുക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
കേരളം കണ്ട ഏറ്റവും ദുര്‍ബലനായ ഡി.ജി.പിയാണ് ലോകനാഥ് ബെഹ്‌റ. ശബരിമലയില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജവം പിണറായി വിജയന്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."