മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് ആശ്വാസമായി ഡിവിഷന് ബെഞ്ച് വിധി
മുക്കം: മുക്കം സഹകരണ ബാങ്കില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിന് ആശ്വാസമേകി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതിയെ സമീപിച്ച 19 പേര്‍ക്കും മത്സരിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഡിവിഷന് ബെഞ്ച് റിട്ടേണിങ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം യു.ഡി.എഫിലേതുള്പ്പെടെ പത്രിക തള്ളിയ 58 പേര്‍ക്ക് മത്സരിക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് സ്റ്റേ ചെയ്താണ് ഡിവിഷന് ബെഞ്ച് പുതിയ വിധി പ്രസ്ഥാവിച്ചത്. ബാങ്ക് കൈവിട്ടുപോകുമെന്ന് ഉറപ്പിച്ച യു.ഡി.എഫിന് അപ്രതീക്ഷിതമായാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വന്നത്. അഡ്വ. പി.പി ജേക്കബ്, സോമസുന്ദരം, ബേബി എന്നിവരാണ് യു.ഡി.എഫിനായി കോടതിയില്‍ ഹാജരായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ പലരുടേയും രേഖകള്‍ ബാങ്കില്‍ എഴുതി സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് വരണാധികാരി നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഇതില്‍ ഭൂരിഭാഗവും യു.ഡി.എഫ് പക്ഷത്തിന്റേതായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്രിക സമര്‍പ്പിച്ച 78 പേരില്‍ 58 പേരുടെ പത്രികയാണ് തള്ളിയത്. ഇക്കൂട്ടത്തില്‍ യു.ഡി.എഫിന്റെ പല പ്രമുഖരും ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമാവാന്‍ സാധ്യത കുറവാണ്. മൂന്ന് പതിറ്റാണ്ടോളമായി യു.ഡി.എഫാണ് ബാങ്ക് ഭരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."