ശബരിമല ദര്‍ശനത്തിന് പൊലിസ് പാസ്: ലംഘിക്കുമെന്ന് എം.ടി രമേശ്
കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് വാഹനത്തില്‍ പോകുന്നവര്‍ പൊലിസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദേശം ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
ശബരിമല സംരക്ഷണ രഥയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ജനാധിപത്യവിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ല. മണ്ഡലമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും.
തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ. കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണ്. ഈ ധര്‍മയുദ്ധത്തില്‍ വിശ്വാസികള്‍ക്ക് എല്ലാവിധ പിന്തുണയും ബി.ജെ.പി നല്‍കും. കോടതിവിധിയുടെ പേരില്‍ ക്ഷേത്രങ്ങളെയും വിശ്വാസികളെയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നത്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം. പിണറായി വിജയന്റെ മര്‍ക്കട മുഷ്ടി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."