കരുവേലിപ്പടി സപ്ലൈകോ ഔട്ട്‌ലെറ്റിലെ മോഷണം: പൊലിസ് അന്വേഷണം ശക്തമാക്കി
മട്ടാഞ്ചേരി: കരുവേലിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുടെ ചില്ലറ വില്‍പന ശാലയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയോളം മോഷണം പോയ കേസില്‍ തോപ്പുംപടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സി.സി ടിവികളിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേ സമയം പ്രധാന റോഡരികില്‍ തുറസായ രീതിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ തുറന്ന് അകത്ത് പ്രവേശിച്ച് പണം കവരണമെങ്കില്‍ പ്രദേശത്തേയും സ്ഥാപനത്തേയും സംബന്ധിച്ചു വ്യക്തമായി അറിയാവുന്ന ആരെങ്കിലും ആയിരിക്കാം എന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഏത് സമയത്തും വാഹനങ്ങളും കാല്‍നട യാത്രികരും പോകുന്ന വഴിയാണിത്.
ഔട്ട് ലെറ്റിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ റോഡിലൂടെ പോകുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും. മാത്രമല്ല ഔട്ട് ലെറ്റിന്റെ എതിര്‍വശത്ത് തന്നെ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഷട്ടറില്‍ താഴ് ഇല്ലാത്ത നിലയിലാണ് കണ്ടെത്തിയത്. മാത്രമല്ല ഷട്ടറിന്റെ താഴ് ഇടുന്ന ഭാഗം കുത്തിയിളക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഈ ഷട്ടറന്റെ താഴ് നീക്കിയാല്‍ അതിന്റെ ശബ്ദം കേട്ടാല്‍ ആളുകള്‍ ഉണരും. മാത്രമല്ല അകത്ത് കടന്നാല്‍ ചില്ലിന്റെ വാതിലുണ്ട്. ഇത് തുറന്ന് വേണം പണം സൂക്ഷിച്ചിട്ടുള്ള അലമാര ഇരിക്കുന്നിടത്ത് എത്താന്‍. ചില്ലിന്റെ വാതില്‍ അടച്ചതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ഈ വാതില്‍ എങ്ങനെ തുറന്നുവെന്നതൂം പൊലിസിന് സംശയത്തിന് ഇട നല്‍കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന കച്ചവടത്തില്‍ നിന്നുള്ള കളക്ഷനാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെ ഷോപ്പ് പൂട്ടി പോയതായാണ് ജീവനക്കാര്‍ പൊലിസിന് നല്‍കിയിരിക്കുന്ന മൊഴി. അതിന് ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് നിഗമനം. ജീവനക്കാരെയും ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുമെന്ന് തോപ്പുംപടി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."