എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാനം;കെ.ടി ജലീലിനെതിരേ ആരോപണവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരേ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സര്‍വകലാശാലയില്‍ നടന്ന അദാലത്തിലെ ക്രമക്കേട് നടത്തിയതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ജി സര്‍വകലാശാലയില്‍ ബി.ടെക് പരീക്ഷയില്‍ അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ നടപടി വന്‍ ക്രമക്കേടാണ്. അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇടപെട്ടത് അടുപ്പക്കാര്‍ക്കുവേണ്ടിയാണ്. ഇടതുപക്ഷ സര്‍ക്കാറിന് കീഴില്‍ പി.എസ്.സി പരീക്ഷാ തട്ടിപ്പിന് പുറമെ കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരുമാര്‍ക്ക് നല്‍കാല്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് അഞ്ച് മാര്‍ക്കാക്കി. സര്‍വകലാശാലയിലെ അദാലത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാന്‍ അനുവാദമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി വിഷയം സിന്‍ഡിക്കേറ്റിന് വിട്ടു. മാര്‍ക്ക് അധികം നല്‍കാന്‍ ചട്ടമില്ലെന്ന് സിന്‍ഡക്കേറ്റ് അറിയിച്ചു. അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ ഇക്കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു വിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."