നോക്കുകുത്തിയായ ആധുനിക ശ്മശാനത്തിന് ശാപമോക്ഷം
വടക്കാഞ്ചേരി: നഗരസഭയിലെ എങ്കക്കാട് പൊതുശ്മശാനത്തില്‍ നിര്‍മിക്കുന്ന വാതക ശ്മശാനം 90 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അധികൃതരുടെ കടുത്ത അനാസ്ഥ മൂലം നോക്കുകുത്തിയായി കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം നാല്.
തുറന്നു പ്രവര്‍ത്തിപ്പിക്കാനോ നിര്‍മാണം പൂര്‍ത്തീകരിക്കാനോ ഒരു നടപടിയുമില്ല എന്ന പരാതിയ്ക്കു പരിഹാരമാവുകയാണ്.
കോസ്റ്റ്‌ഫോര്‍ഡ് വിദഗ്ദ സംഘം അടുത്ത ആഴ്ച ശ്മശാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പഠിയ്ക്കാനെത്തുമെന്നു നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍ സുപ്രഭാതത്തോടു പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാടിന് നാണക്കേടിന്റെ പ്രതിരൂപമായി നിലകൊള്ളുമ്പോള്‍ തല തിരിഞ്ഞ വികസനത്തിന്റെ വക്താക്കളാവുകയാണ് നഗരസഭയെന്നു സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്മശാനം എന്നു തുറക്കുമെന്നു പോലും പറയാനാകാത്തവര്‍ ഇപ്പോള്‍ അനാഥമായി കിടക്കുന്ന കെട്ടിടത്തിലേക്കു ലക്ഷങ്ങള്‍ മുടക്കി റോഡ് നിര്‍മിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. ആനയെ വാങ്ങുന്നതിനു മുമ്പു തോട്ടി വാങ്ങി സൂക്ഷിയ്ക്കുന്ന തലതിരിഞ്ഞ നയമാണിതെന്നു ജനങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങളായി ആരും തിരിഞ്ഞു നോക്കാനില്ലാത്തതിനാല്‍ കെട്ടിടവും പരിസര പ്രദേശങ്ങളും കാട്ടുപൊന്തകളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു. കോസ്റ്റ് ഫോര്‍ഡ് സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രദേശം വെട്ടി വൃത്തിയാക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏറെ ദുഷ്‌കരമാണ് ജോലിയെന്നു തൊഴിലാളികള്‍ പറയുന്നു. വിഷപാമ്പുകളും മലമ്പാമ്പുമൊക്കെ വിഹരിക്കുമ്പോള്‍ വലിയ ഭീതിയിലാണ് തൊഴിലാളികള്‍. 2014ലാണ് സിന്ധു സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള അന്നത്തെ പഞ്ചായത്ത് ഭരണസമിതി ആധുനിക വാതകശ്മശാനം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. 47 ലക്ഷത്തോളം രൂപയായിരുന്നു എസ്റ്റിമേറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ 20 ലക്ഷം രൂപയടക്കം ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവ സംയുക്തമായാണു പദ്ധതി ഏറ്റെടുത്തത്. കെട്ടിടം പണി പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് വരികയും, പഞ്ചായത്ത് നഗരസഭയായി മാറുകയും ചെയ്തു. ഇതോടെ നിര്‍മാണവും സ്തംഭിച്ചു. കെട്ടിടം നോക്ക് കുത്തിയായി. നിര്‍മാണ ഏജന്‍സിയായ കോസ്റ്റ് ഫോഡിനു പണം ലഭിക്കാതായതോടെ ഇവരും കയ്യൊഴിഞ്ഞു. അനാസ്ഥക്കെതിരേ പ്രതിഷേധം കനത്തതോടെ നഗരസഭ ഇടവേളയിലൊന്ന് ഉണര്‍ന്നെങ്കിലും ആരും ശ്രദ്ധിക്കാതായതോടെ കാര്യങ്ങളെല്ലാം തഥൈവയായി. മാര്‍ച്ചില്‍ ഉദ്ഘാടനമെന്നു പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ മാസം എട്ട് പിന്നിട്ടിട്ടും ഒന്നും എവിടെയുമെത്തിയിട്ടില്ല. ഇനി ലോകബാങ്ക് കനിയണമെന്നാണ് അധികൃതര്‍ പറയുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ശ്മശാനം തുറക്കാന്‍ നടപടികള്‍ക്കായി ഓടി നടക്കുന്നുണ്ടെങ്കിലും വികസനമെന്നത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. ഇതിനിടയില്‍ കോസ്റ്റ് ഫോര്‍ഡ് സംഘമെത്തുന്നനത് പുതിയ പ്രതീക്ഷ ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."