എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
ഫറോക്ക്: രാമനാട്ടുകര ഭവന്‍സ് പള്‍സര്‍ ലോ കോളജിലേക്ക് എസ്.എഫ്.ഐ ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ 12ഓളം പേര്‍ക്ക് പരുക്കേറ്റു. ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
മെറിറ്റ് - മാനേജ്‌മെന്റ് ഫീസ് ഘടനയിലെ വിവേചനം അവസാനിപ്പിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കളിസ്ഥലമുള്‍പ്പെടെ കാംപസിനാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി എട്ട് ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി, കെ.എസ്.യു സംഘടനകള്‍ സംയുക്തമായി ഇവിടെ രണ്ടാഴ്ചയായി സമരത്തിലാണ്. മാനേജ്‌മെന്റിന്റെ കടുംപിടുത്തം കാരണം ചര്‍ച്ചകള്‍ അലസിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നിരാഹാര സമരവും ആരംഭിച്ചിരുന്നു.
ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഏരിയാ കമ്മിറ്റി നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം സമരക്കാര്‍ കോളജിലേക്ക് ഇരച്ചുകയറി കണ്ണാടിച്ചില്ലുകളും ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്തതിനെ തുടര്‍ന്നാണ് നടപടിയെടുക്കേണ്ടി വന്നതെന്നു പൊലിസ് പറഞ്ഞു.
ഏരിയാ വൈസ് പ്രസിഡന്റ് ഗ്രീഷ്മ, യൂനിറ്റ് പ്രസിഡന്റ് മിഥുന്‍ കൃഷ്ണ, സെക്രട്ടറി അക്ഷയ്, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ സാലിഹ്, അജിത്, ശ്രാവണ്‍ എന്നിവരാണ് പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇവരെയും ജില്ലാ വൈസ് പ്രസിഡന്റ് പി. ദിന്‍ഷിദാസ്, ഏരിയാ പ്രസിഡന്റ് എ.ടി സര്‍ജാസ്, ജില്ലാ കമ്മിറ്റി അംഗം അന്‍ഫാസ്, ഋതിന്‍ദാസ്, ടി. സര്‍ജില്‍, ആസിഫ് റഹ്മാന്‍ എന്നിവരുള്‍പ്പെടെ 28 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."