'മലയാളത്തില്‍ പിടിക്കുക; ഇല്ലേല്‍ കലക്ടര്‍ പിടിക്കും'
മലപ്പുറം: മലയാള ഭാഷ ഓഫിസുകളില്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം. ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട ജില്ലാതല സമിതി തെരഞ്ഞെടുത്ത ജില്ലാ സബ് ഓഫിസുകളില്‍ ഇതുസംബന്ധിച്ചു പരിശോധന നടത്തും.
ഓഫിസ് നടപടികള്‍ മലയാളത്തിലാക്കുന്നതിനു സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. വിജയന്‍ അധ്യക്ഷനായി. ഓഫിസിലെത്തുന്ന തപാലുകള്‍ ഇംഗ്ലീഷിലാണെങ്കിലും കുറിപ്പ് ഫയലുകള്‍ മലയാളത്തിലായിരിക്കണം. ഓഫിസിന്റെ പേര്, തസ്തികയുടെ പേര്, വാഹനത്തിന്റെ ബോര്‍ഡുകല്‍, സീലുകള്‍ എന്നിവ നിര്‍ബന്ധമായും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം. എല്ലാ രജിസ്റ്ററുകളും മലയാളത്തിലാക്കണം. ഹൈക്കോടതിയിലേക്കയക്കുന്ന കത്തുകള്‍, സംസ്ഥാനത്തിനു പുറത്തേക്കയക്കുന്ന കത്തുകള്‍ എന്നിവ ഇംഗ്ലീഷിലാകുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, ഇവയുടെ കുറിപ്പ് ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം. ജില്ലാ ഓഫിസര്‍മാര്‍ മാസത്തിലൊരിക്കല്‍ സബ് ഓഫിസുകള്‍ സന്ദര്‍ശിക്കുകയും നടപടികള്‍ നിരീക്ഷിക്കുകയും വേണം.
അപാകത കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ലഭിക്കുന്ന കത്തുകള്‍ മലയാളത്തിലല്ലെങ്കില്‍ തിരിച്ചയച്ചു മലയാളത്തില്‍ തയാറാക്കിനല്‍കാന്‍ ആവശ്യപ്പെടാം.
ജില്ലാ ഓഫിസര്‍മാര്‍ മാസാന്ത റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം ജില്ലാ കലക്ടര്‍ക്കു നല്‍കണം. എല്ലാ ജീവനക്കാരും മലയാളം കംപ്യൂട്ടിങ് പഠിച്ചിരിക്കണം. കംപ്യൂട്ടിങ് പരിശീലനം ആവശ്യമുള്ളവരുടെ ലിസ്റ്റ് ജൂലൈ ഏഴിനകം ജില്ലാ കലക്ടര്‍ക്കു നല്‍കണം. വകുപ്പതല ജില്ലാതല സമിതി രണ്ടു മാസത്തില്‍ ഒരിക്കല്‍ ചേരാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."