പാലൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം 27 വര്‍ഷത്തിനുശേഷം കൊലപാതകമെന്ന് പൊലിസ്: പിടിയിലായ നാലു പ്രതികള്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകര്‍
മലപ്പുറം: മലപ്പുറം പാലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മോഹനചന്ദ്രന്റെ മരണം കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തല്‍. 27 വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. 1994 ഡിസംബര്‍ നാലിന് ആര്‍.എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനിലിനെ വെട്ടിക്കൊന്ന കേസില്‍ കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു കൊലപാതകത്തിന് പിന്നിലും ഒരേ പ്രതികള്‍ ആയിരുന്നുവെന്ന് പൊലിസ് അറിയിച്ചു. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു ആണ് പ്രതികളെ ചോദ്യം ചെയ്തത്. തൊഴിയൂര്‍ കൊലപാതകക്കേസില്‍ പ്രതികളായ യൂസഫ് അലി, ഉസ്മാന്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി.
1992 ആഗസ്റ്റിലാണ് മലപ്പുറം പാലൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോഹനചന്ദ്രന്‍ മരിച്ചത്. വാഹനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. രാത്രി 11 മണിയോടെ കടയടച്ച് സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന മോഹനനെ ജീപ്പിടിച്ച് വീഴ്ത്തി നാലംഗ സംഘം അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികളായ യൂസഫ് അലി, ഉസ്മാന്‍ എന്നിവര്‍ തിരൂര്‍ ഡി.വൈ.എസ്.പിക്ക് മൊഴി നല്‍കി. ഈ മരണത്തിന് പിന്നിലും ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകരായ നാലംഗ സംഘമാണെന്നുമാണ് പൊലിസ് പറയുന്നത്.
രാവിലെ വഴിയരികില്‍ മോഹനചന്ദ്രന്‍ മരിച്ചു കിടക്കുന്നത് കണ്ട നാട്ടുകാരും പിന്നീട് ബന്ധുക്കളും അപകടമരണമാണെന്നാണ് കരുതിയത്. മരണത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ ഇത് കൊലപാതകമെന്ന് വെളിവായ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."