ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം: അറസ്റ്റില്‍ ദുരൂഹതയെന്ന പരാതി വ്യാപകം
കഴക്കൂട്ടം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ നിര്‍മാണ യൂനിറ്റുകളില്‍ തീ പിടിച്ച് 40 കോടിയോളം നഷ്ടമുണ്ടായ സംഭവത്തിലെ അറസ്റ്റില്‍ ദുരൂഹതയെന്ന പരാതി വ്യാപകം. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പെരുങ്ങുഴി സ്വദേശി ബിമല്‍ എം നായരും കാര്യവട്ടം സ്വദേശി ബിനുവും സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ദുരുഹത ഇപ്പോഴും തുടരുകയാണ്. ഇവരെ നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്നാണ് രക്ഷകര്‍ത്താക്കളും ബന്ധുക്കളും പൊലിസിലെ ഒരു വിഭാഗവും പറയുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രഹസ്യ പൊലിസ് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്. പൊലിസ് കാര്യമായ അന്വേഷണം നടത്താതെയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തതെന്നും കോടതിയില്‍ ഹാജരാക്കിയതെന്നും വ്യാപകമായ പരാതിയുണ്ട്. തീവെയ്പ്പിനു പിന്നില്‍ തങ്ങളാണെന്നു പറയിപ്പിച്ചെന്നും വിമല്‍ എം നായരുടെയും ബിനുവിന്റെയും മാതാപിതാക്കള്‍ ഇവര്‍ അറസ്റ്റിലായ അന്നേ ദിവസം തന്നെ കഴക്കൂട്ടം പൊലിസ് സ്‌റ്റേഷന് സമീപത്ത് വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഹോട്ടര്‍മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിമലിന് വയസ് 19 ആണ്. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് മകനെ ഫാമിലിപ്ലാസ്റ്റിക്കില്‍ ജോലിക്കു പറഞ്ഞയച്ചത്. അവന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നീക്കവും ഉണ്ടാവുകയില്ലെന്ന കടുത്ത വാദത്തിലാണ് പിതാവ് മധുവും മറ്റ് ബന്ധുക്കളും. ബുദ്ധിശക്തിയുടെ ശതമാനത്തില്‍ 60 ശതമാനത്തിന് താഴെയാണ് അറസ്റ്റിലായ ബിനുവിന്റെ ബുദ്ധിയെന്നും ഇടക്കിടെ അപസ്മാരം പിടിപെടാറുണ്ടെന്നും ബിനുവിന്റെ പിതാവായ ഗോപാലകൃഷ്ണനും ബന്ധുക്കളും പറയുന്നു. ശമ്പളവുമായി ബന്ധപ്പെട്ട യാതോരു തര്‍ക്കവും ബിനുവുമായോ വിമലുമായോ സ്ഥാപനത്തിന്റെ മാനേജരോ മാറ്റാരുമായോ ഉണ്ടായിരുന്നില്ലെന്നും പൊലിസ് നിര്‍ബന്ധിച്ച് അവനെ തീപിടിത്തത്തില്‍ പ്രതിയാക്കിയതാണെന്നും ഇരുവരുടെയും മാതാപിതാക്കള്‍ ശക്തമായി ആരോപിക്കുന്നുണ്ട്. തലസ്ഥാന ജില്ലയിലെ ഐ.ടി നഗരത്തെ 15 മണിക്കൂറോളം ഭീതിയിലാഴ്ത്തിയ മണ്‍വിള ഫാമിലി പ്ലാസ്റ്റിക് തീപിടിത്തത്തിലെ ചുരുളുകള്‍ അഴിഞ്ഞെന്ന് പൊലിസ് വാദിക്കുമ്പോഴാണ് മറുവശത്ത് ഒരു വലിയ വിഭാഗം പ്രതികളെ കുരുക്കിയതാണെന്ന ആരോപണവുമായി രംഗത്തുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും മറ്റുമായിരുന്നു പൊലിസിന്റെ ആദ്യവാദം. പിന്നീട് തീ പിടിച്ചതിന് പിന്നില്‍ അട്ടിമറി ഉണ്ടെന്ന വാധമായിരുന്നു പൊലിസിന്റേത്.
തീ പിടിച്ച ദിവസം മുതല്‍ ഫാമിലി പ്ലാസ്റ്റിക്ക് യൂനിറ്റുകളിലും പുറത്തും വെത്യസ്തങ്ങളായ ശാസ്ത്രീയ പരിശോധകളാണ് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയത്. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സി.സി.ടി.വിയില്‍ പ്രതികള്‍ ഫാക്ടറി യൂനിറ്റില്‍ കടക്കുന്നതായി കണ്ടതിന്റെ പേരിലാണ് ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയത്. ഫാക്ടറിക്ക് സമീപത്തെ കടയില്‍ നിന്നും ലൈറ്റര്‍ വാങ്ങിച്ചാണ് ഫാക്ടറിക്ക് തീയിട്ടതെന്ന് പ്രതികള്‍ സമ്മദിച്ചതെന്ന് പൊലിസ് പറയുമ്പോള്‍ ഈ ലൈറ്റര്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. തീ പിടിച്ച അന്ന് രാത്രി മുതലെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളേയും കമ്പനി മുതലാളിയേയും ഓഫിസ് ജീവനക്കാരേയും പൊലിസ് മാറി ചോദ്യം ചെയ്യ്തു. നിരവധി പേരെ സംശയമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനിടെ ഫാക്ടറിയിലെ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ സംഭവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പൊലിസ് കസ്റ്റഡിയിലാണെന്ന പത്രവാര്‍ത്തകളും വന്നിരുന്നു.
കേസിലെ രണ്ടാം പ്രതി കാര്യവട്ടത്ത് താമസിക്കുന്ന ബിനു ചാനല്‍ വാര്‍ത്തകളിലൂടെ തീയുടെ ഭീകരതയറിഞ്ഞ് രാത്രിയോടെ സംഭവസ്ഥലത്ത് എത്തുകയും. രാത്രി വൈകുവോളം അവിടെ ഉണ്ടായിരുന്നതായും പൊലിസ് പറയുന്നു. സി.സി.ടി.വി ദൃശ്യത്തില്‍ പ്രതികള്‍ തീ കത്തുന്നതിന് മുന്‍പ് ഫാക്ടറിയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചെങ്കിലും തീ കത്തിച്ചതായി ദൃശ്യത്തില്‍ കാണാല്‍ കഴിഞ്ഞില്ല. അതേപോലെ പ്രതികളായ രണ്ട് പേരുമായി യാതൊരു വിധ അഭിപ്രായ വ്യത്യാസം തനിക്കോ മറ്റ് ജീവനക്കാര്‍ക്കോ ഉണ്ടായിട്ടില്ലെന്ന് കമ്പനി ഉടമയും സമ്മതിക്കുന്നു. പൊലിസ് വ്യക്തമായി അന്വേഷണം നടത്താതെ വളരെ പെട്ടന്നായിരുന്നു അറസ്റ്റും പ്രതികളെ കോടതിയില്‍ ഹാജരാക്കലുമൊക്കെ നടന്നത്. ഇതിനെ ചൊല്ലി പൊലിസിനകത്ത് തന്നെ ഏറെ ചര്‍ച്ച നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."