'കല്‍ക്കി ഭഗവാന്റെ' ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ്, 500 കോടിയുടെ സ്വത്ത് കണ്ടെത്തി
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം 'കല്‍ക്കി ഭഗവാന്റെ' തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും നടത്തിയ റെയ്ഡില്‍ 500കോടിയോളം രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തി.
ആന്ധ്രാപ്രദേശിലെ വരടൈപാലം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന വിവിധ സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന കോഴിസുകളാണിത്. പിടിച്ചെടുത്തതില്‍ 25 ലക്ഷം (18 കോടി രൂപയോളം) യു.എസ് ഡോളറും ഉള്‍പ്പെടും. 88 കിലോഗ്രാം സ്വര്‍ണം (26 കോടി രൂപ), അഞ്ചുകോടി രൂപ വിലവരുന്ന ഡയമണ്ട് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. എല്‍.ഐ.സിയില്‍ ക്ലര്‍ക്ക് ആയി ജോലിചെയ്തുവരികയായിരുന്ന വിജയ്കുമാര്‍ 1980കളിലാണ് ജീവാശ്രമം എന്ന സ്ഥാപനം തുടങ്ങിയത്. ഭാര്യ പത്മാവദിയും മകന്‍ എന്‍.കെ.വി കൃഷ്ണനുമാണ് ഇയാളുടെ സ്ഥാപനങ്ങളും ആശ്രമങ്ങളും നടത്തുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിനുള്ളത്.
ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന പണമിടപാടുകളുടെ രേഖകള്‍ മറച്ചുവയ്ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇയാളുടെ ഉടമസ്ഥതയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 40 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 300ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."